അമേരിക്കയുമായി പരിമിത  വ്യാപാരക്കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു

ന്യൂദല്‍ഹി-  യുഎസുമായി പരിമിതമായ വ്യാപാരക്കരാര്‍ ഒപ്പുവയ്ക്കാനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിച്ചു. വിശാല ധാരണയ്ക്കാണു ശ്രമമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയുംമുന്‍പ് വ്യാപാരക്കരാര്‍ സാധ്യമാക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. ആദ്യം പരിമിത കരാര്‍ അതിനുശേഷം വിശാല കരാര്‍ എന്ന രീതിയിലാണ് കാര്യങ്ങള്‍ നീക്കിയത്. നികുതിരഹിത ഇറക്കുമതി അനുവദിച്ച് വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്കു നല്‍കിയിരുന്ന പരിഗണന  യുഎസ് 2019ല്‍ പിന്‍വലിച്ചിരുന്നു. അതും മാറ്റമില്ലാതെ തുടരുകയാണ്.കൃഷി നിയമങ്ങള്‍ക്കെതിരെയുള്ള സമരം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചപ്പോഴും നിയമങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യുഎസ് വ്യക്തമാക്കിയത്.ഇ-കൊമേഴ്‌സ് മേഖലകളില്‍ യുഎസ് ആവശ്യപ്പെടുന്ന ഉദാരസമീപനം അംഗീകരിക്കാനാകില്ലെന്ന സൂചനയാണ് ഇപ്പോഴും വാണിജ്യ മന്ത്രി നല്‍കുന്നത്.
 

Latest News