സുധാകരന്‍ പേപ്പട്ടിയെന്ന് കെ.കെ. രാഗേഷ്

കണ്ണൂര്‍- കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി  'പേപ്പട്ടി'യാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ് എംപി. സുധാകരന്‍ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞെന്നു കെ.കെ. രാഗേഷ് എംപി. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും രാഗേഷ് പറയുന്നു.

രാഗേഷിന്റെ കുറിപ്പ്:

കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരനു ഭ്രാന്താണെന്നു സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലാതെ വന്നപ്പോള്‍ യു.ഡി.എഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്നു വായില്‍ തോന്നിയതു വിളിച്ചുപറയുകയാണ്. സുധാകരനാകട്ടെ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപമാണു പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന പ്രോത്സാഹിപ്പിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കയ്യടിയാണ് ഊര്‍ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിനു രാഹുല്‍ഗാന്ധി മുന്‍കയ്യെടുക്കണം.

മുഖ്യമന്ത്രിക്കെതിരെ തലശ്ശേരിയില്‍ നടത്തിയ 'ചെത്തുകാരന്റെ മകന്‍' പ്രയോഗം കഴിഞ്ഞ ദിവസം പെരിയയില്‍ കൃപേഷ-ശരത് ലാല്‍ അനുസ്മരണ പരിപാടിയില്‍ സുധാകരന്‍ ആവര്‍ത്തിച്ചതാണു രാഗേഷിനെ പ്രകോപിപ്പിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് പിണറായി വിജയന്റെ പിതാവ് ചെത്തുകാരനായ കോരേട്ടന്‍ പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളു കുടിച്ചു നടക്കുകയായിരുന്നുവെന്നും പെരിയയില്‍ സുധാകരന്‍ പ്രസംഗിച്ചിരുന്നു.

 

Latest News