Sorry, you need to enable JavaScript to visit this website.

സൗദി വിനോദ സഞ്ചാര മേഖലയിൽ സാധ്യതകളേറെ

വിനോദ സഞ്ചാരികളുടെ പറുദീസയായി മാറാൻ സൗദി അറേബ്യ ഒരുങ്ങുകയാണ്. അടുത്ത പത്തു വർഷത്തിനിടെ ലോകം ഇന്നുവരെ കാണാത്ത വിനോദ കേന്ദ്രങ്ങളുടെ കലവറയായി ഈ മരുഭൂ പ്രദേശം മാറും. എണ്ണ, പ്രകൃതിവാതകത്തിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ  വിനോദ സഞ്ചാര വ്യവസായത്താൽ കൂടുതൽ സമ്പന്നമാകുന്ന കാഴ്ച വിദൂരമല്ല. സൗദി അറേബ്യയുടെ ആഭ്യന്തരോൽപാദനത്തിൽ വിനോദ സഞ്ചാര മേഖലയുടെ സംഭാവന നിലവിൽ മൂന്നര ശതമാനമാണെങ്കിൽ വിഷൻ 2030 യാഥാർഥ്യമാകുന്നതോടെ അതു പത്തു ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനർഥം ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന വികസനം വിവരണാതീതമാണ്. അതുവഴി സൃഷ്ടിക്കാൻ പോകുന്ന നിക്ഷേപങ്ങളും വികസനങ്ങളും തൊഴിലവസരങ്ങളും  സൗദി അറേബ്യയുടെ മുഖഛായ തന്നെ മാറ്റിമറിക്കും. ഇതുവഴിയുണ്ടാകുന്ന സാമ്പത്തിക ക്രയവിക്രയങ്ങളിലും തൊഴിലവസരങ്ങളിലും സ്വദേശികളെന്ന പോലെ വിദേശികളുടെ പങ്കും വളരെ വലുതായിരിക്കും. വിദേശത്ത് തൊഴിൽ സ്വപ്‌നം കാണുന്നവർക്ക് സൗദി അറേബ്യ ഒരിക്കലും അടഞ്ഞ കവാടങ്ങളായിരിക്കില്ല. ആധുനിക തൊഴിൽ രീതികൾ സ്വായത്തമാക്കുന്നവർ ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും അവർക്കെല്ലാം വൻ സാധ്യതകളുടെ അവസരങ്ങളായിരിക്കും വരും കാലങ്ങളിൽ സൗദി തുറന്നു കൊടുക്കുക. 


അടുത്ത പത്തു വർഷത്തിനകം വിനോദ സഞ്ചാര മേഖലയിൽ 810 ബില്യൺ ഡോളറിന്റെ വികസന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മരുഭൂമിയും കടലും മലനിരകളുമെല്ലാം പ്രയോജനപ്പെടുത്തി പ്രകൃതിക്കിണങ്ങുന്ന അത്യാകർഷക വിനോദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള അതിബൃഹത്തായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഏതാണ്ട് 64,634 സ്‌ക്വയർ കിലോമീറ്റർ പരിധിയിലായിക്കും ഈ പദ്ധതികൾ വ്യാപിച്ചു കിടക്കുക. സാംസ്‌കാരിക, പൈതൃക പാരമ്പര്യത്തെ നിലനിർത്തിയും പുനരാവിഷ്‌കരിച്ചും അത്യധുനിക സൗകര്യങ്ങളുടെ വിനോദ കേന്ദ്രങ്ങൾ സൃഷ്ടിച്ചും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പോന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിൽ പലതിനും തുടക്കമിട്ടു കഴിഞ്ഞു. ഹജ്, ഉംറ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ വിപുലപ്പെടുത്തി പ്രതിവർഷം മൂന്നു കോടിയോളം തീർഥാടകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും പുരോഗതിയിലാണ്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ഓരോ പദ്ധതികളും. അതുവഴി സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുകയും തൊഴിൽ രഹിത സമൂഹത്തെ സൃഷ്ടിക്കാനും കഴിയുമെന്നതിൽ ഒരു സംശയവുമില്ല.  അതോടൊപ്പം വിദേശ നിക്ഷേപകരെയും കഴിവുറ്റ ഉദ്യോഗാർഥികളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും കഴിയുമെന്നതിനാൽ വിഷൻ 2030 യാഥാർഥ്യമാകുന്നതോടെ സൗദി അറേബ്യ ലോകത്തെ അത്യാധുനിക സൗകര്യങ്ങളുടെയും  മായാക്കാഴ്ചകളുടെയും കേന്ദ്രമായി മാറും.  


സൗദിയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന ദരിയ, ഫ്യൂച്ചറിസ്റ്റിക് ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന നിയോം, വിനോദോപാധികളുടെ കലവറായ ഖിദിയ, ദ്വീപ സമൂഹങ്ങളെ കോർത്തിണക്കിയുള്ള റെഡ് സീ ഡെപലപ്‌മെന്റ് കമ്പനി തുടങ്ങിയ വൻ പദ്ധതികൾ പരിപൂർണതയിലെത്തുമ്പോൾ ലോകത്തെ അത്യാകർഷകമായ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറും. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാര പ്രോത്സാഹനത്തിനും സഹായകമായതാണ് ഓരോ പദ്ധതികളും. വിനോദ സഞ്ചാരം ഏറെ ഇഷ്ടപ്പെടുന്നവരാണ് സൗദികൾ. 2019 ൽ സൗദി വിനോദ സഞ്ചാരികൾ വിദേശങ്ങളിൽ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 8,000 കോടി റിയാലായിരുന്നു. രാജ്യത്ത് പുതിയ ടൂറിസം പദ്ധതികൾ നടപ്പാക്കാനും ടൂറിസ്റ്റുകളുടെ പ്രതീക്ഷകൾക്കൊത്ത ഫെസ്റ്റിവലുകൾ രാജ്യത്ത് സംഘടിപ്പിക്കാനും തുടങ്ങിയതോടെ വിദേശങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയിരുന്നവരുടെ എണ്ണം കുറയാൻ തുടങ്ങി. ഏതാണ്ട് 30 ശതമാനം കണ്ട് വിദേശത്തേക്ക് വിനോദ സഞ്ചാരത്തിനു പോയിരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. 


സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ആരംഭിച്ചു കഴിഞ്ഞു. അതിൽ അടുത്തിടെ പ്രഖ്യാപിച്ച സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ച് റെഡ് സീ കമ്പനി നടപ്പാക്കുന്ന കോറൽ ബ്ലൂം പദ്ധതിയുടെ ആദ്യം ഘട്ടം 2023 ൽ ഉദ്ഘാടനം ചെയ്യും. 22 ദ്വീപുകളിലായി നിർമിക്കുന്ന ചെങ്കടൽ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായാണ് കോറൽ ബ്‌ളൂം നിർമിക്കുന്നത്. ഇതിന്റെ രൂപരേഖ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ഡോൾഫിന്റെ മാതൃകയിലുള്ള ഷുറൈറ ദ്വീപിലാണ് കോറൽ ബ്‌ളൂം പദ്ധതിയൊരുക്കുന്നത്. മണൽക്കൂനകൾ, അഴിമുഖം, കോറൽ പവിലിയൻ, പവിഴപ്പുറ്റുകൾ, സമുദ്ര സമ്പത്ത്, ഗോൾഫ് കോഴ്‌സ്, ലക്ഷുറി വില്ലേജ് തുടങ്ങി ഒൻപതു വ്യത്യസ്ത അനുഭവങ്ങളായിരിക്കും കോറൽ ബ്‌ളൂം  സഞ്ചാരികൾക്ക് പ്രദാനം ചെയ്യുക. റെഡ് സീ പദ്ധതിയിലേക്കുള്ള പ്രവേശന കവാടമായിരിക്കും കോറൽ ബഌം. കണ്ടൽകാടുകളടങ്ങുന്ന ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ മേഖലയുടെ ജൈവ വൈവിധ്യങ്ങൾ പരിഗണിച്ചാണ് രൂപകൽപന. 11 ഹോട്ടലുകളാണ് ഇവിടെ നിർമിക്കുന്നത്. 2030 ഓടെ പദ്ധതി പൂർണമാകുമ്പോൾ 22 ദ്വീപുകളിലായി 50 റിസോർട്ടുകൾ, 8,000 ഹോട്ടൽ മുറികൾ, 1300 പാർപ്പിട യൂനിറ്റുകൾ, ഉല്ലാസ ബോട്ടുകളുടെ ജെട്ടി തുടങ്ങിയവ അടക്കം നിരവധി ഉല്ലാസ കേന്ദ്രങ്ങളും റെഡ് സീ പദ്ധതിയിലുണ്ടാകും. ഇതുപോലെ അതിവിപുലമായ സൗകര്യങ്ങളാണ് മറ്റു പദ്ധതികളിലും വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനകം തുടക്കമിട്ട പദ്ധതികൾ പുരോഗമിക്കുമ്പോൾ രാജ്യത്തേക്ക് ഒഴുകിയെത്തുക കോടികളുടെ വിദേശ നിക്ഷേപവും നൈപുണ്യം സിദ്ധിച്ച തൊഴിലാളികളുമായിരിക്കും. 

Latest News