ഇന്ത്യയെപ്പോലെ തന്നെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഒട്ടേറെ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയേ നൽകാവൂ എന്ന നിബന്ധന. ഗാർഹിക തൊഴിലാളി വിസയിലെത്തുന്ന വനിതകൾക്ക് കരാർ പ്രകാരമുള്ള ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇതു സഹായിക്കും. ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം തൊഴിലാളി ക്ഷേമവും ഉറപ്പാക്കാൻ നിബന്ധനയുണ്ട്.
വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ 2500 ഡോളർ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന നിബന്ധന പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം സൗദിയിലെ തൊഴിലുടമകൾക്കും ഇന്ത്യയിലെ വനിതാ തൊഴിലാളികൾക്കും ആശ്വാസം പകരും. വനിതാ ഗാർഹിക തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്ന ഒട്ടേറെ നിബന്ധനകൾ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണെങ്കിലും തൊഴിൽ സാധ്യതകൾക്ക് അതു മങ്ങലേൽപ്പിച്ചിരുന്നു. ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് എക്കാലവും സൗദിയിൽ ഏറെ പ്രിയമുണ്ട്. ഗാർഹിക ജോലികളിലെ നിപുണതയും നിയമങ്ങൾ അനുസരിക്കുന്നവരും കുടുംബ ബന്ധങ്ങളിൽ ഊഷ്മളത പകരുന്നവരുമെന്ന നിലയിൽ ഇന്ത്യൻ തൊഴിലാളികളോടാണ് മറ്റേതൊരു രാജ്യത്തുനിന്നുള്ള തൊഴിലാളികളെക്കാളും കൂടുതൽ താൽപര്യം. അതുകൊണ്ടു തന്നെ വിദേശ തൊഴിലാളികളിൽ ഇന്നും മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യൻ തൊഴിലാളികളാണ്. പുതിയ കണക്കു പ്രകാരം 32 ലക്ഷം ഇന്ത്യക്കാർ സൗദിയിലുണ്ടെന്നാണ് ഏതാനും ദിവസം മുൻപ് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് വ്യക്തമാക്കിയത്. ഇതിൽ നല്ലൊരു പങ്ക് ഗാർഹിക തൊഴിലാളികളാണ്. സ്വദേശിവൽക്കരണവും പുതിയ തൊഴിൽ നിബന്ധനകളും മൂലം നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽനിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റിനെ അതു കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 32 ലക്ഷമായി ഉയർന്നുവെന്നത് കാണിക്കുന്നത്. അതേ സമയം ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഗാർഹിക തൊഴിലാളി നിയമനങ്ങൾ കുറവായിരുന്നു. ഇന്ത്യയുടെ നിബന്ധനകളായിരുന്നു ഇതിനു കാരണം. നിയമ ലംഘനം നടത്തി മറ്റു രാജ്യങ്ങൾ വഴിയും എമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചും തൊഴിലാളികൾ എത്തിയിരുന്നുവെങ്കിലും അത് വളരെ കുറവായിരുന്നു. എന്നാൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് ഡിമാന്റ് നിലനിൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌പോൺസർമാർക്ക് അധിക ബാധ്യത വരുത്തുന്ന 2500 ഡോളർ ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇത് ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളി നിയമനങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നതിൽ സംശയമില്ല.
2014 നവംബറിൽ ഒപ്പിട്ട സൗദി-ഇന്ത്യ തൊഴിൽ കരാറിന്റെ ഭാഗമായാണ് ബാങ്ക് ഗ്യാരണ്ടി നിലവിൽ വന്നത്. ഗാർഹിക തൊഴിലാളിയെ നിയമിക്കണമെങ്കിൽ സ്‌പോൺസർ 2500 ഡോളർ ഗ്യാരണ്ടിയായി നൽകണമെന്നും, 30 വയസ് പൂർത്തിയായിരിക്കണമെന്നും തൊഴിൽ കരാർ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തണമെന്നും എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു നിബന്ധന. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ഒട്ടേറെ ഗാർഹിക തൊഴിലാളികൾ പീഡനങ്ങൾക്കിരയാവുന്നുവെന്ന പരാതികൾ വർധിച്ച സാഹചര്യത്തിലായിരുന്നു പുതിയ വ്യവസ്ഥകൾ. ബാങ്ക് ഗ്യാരണ്ടി നിബന്ധന പിൻവലിച്ചുവെങ്കിലും സർക്കാർ ഏജൻസികൾ വഴിയായിരിക്കണം റിക്രൂട്ട്‌മെന്റ് എന്ന വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ നോർക്ക-റൂട്ട്‌സ്, ഒഡെപെക്, ചെന്നൈയിലെ ഓവർസീസ് മാൻ പവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശ് ഫൈനാൻഷ്യൽ കോർപറേഷൻ, ഹൈദരാബാദിലെ ഓവർസീസ് മാൻ പവർ കമ്പനി, തെലങ്കാന ഓവർസീസ് മാൻ പവർ കമ്പനി എന്നീ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയുള്ള നിയമന കരാറുകൾ മാത്രമേ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഈ രംഗത്തെ തട്ടിപ്പും വഞ്ചനയും നിയന്ത്രിക്കാൻ ഉപകരിക്കും.
ഇന്ത്യയെപ്പോലെ തന്നെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഒട്ടേറെ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയേ നൽകാവൂ എന്ന നിബന്ധന. ഗാർഹിക തൊഴിലാളി വിസയിലെത്തുന്ന വനിതകൾക്ക് കരാർ പ്രകാരമുള്ള ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇതു സഹായിക്കും. ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം തൊഴിലാളി ക്ഷേമവും ഉറപ്പാക്കാൻ നിബന്ധനയുണ്ട്. ഇതിനു പുറമെ തൊഴിൽ സാഹചര്യം നന്നാക്കുക, തൊഴിൽ സുരക്ഷാ നിലവാരം ഉയർത്തുക, സൗദി അറേബ്യ ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക എന്നിവയും നിബന്ധനകളായി തൊഴിൽ മന്ത്രാലയം കൊണ്ടുവന്നിട്ടുള്ളത് ഈ രംഗത്തെ ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് എല്ലാവിധ സംരക്ഷണം ഉറപ്പാക്കുന്നതിനും സഹായകരമാണ്.
ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ വീട്ടു ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുറമെ ഡ്രൈവർമാർ, കുശ്‌നിക്കാർ, തോട്ടക്കാർ, ഹൗസ് നഴ്‌സ് തുടങ്ങിയവരും ഉൾപ്പെടും. ഇതിൽ സ്ത്രീ തൊഴിലാളികളുടെ കാര്യത്തിൽ മുന്തിയ പരിഗണനയാണ് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ളത്. സ്ത്രീകളും പുരുഷന്മാരുമായി 23,80,000 ഗാർഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്. ഇതിൽ വനിതാ തൊഴിലാളികളുടെ പ്രതിമാസ ശരാശരി ശമ്പളം 1586 റിയാലും പുരുഷന്മാരുടേത് 2029 റിയാലുമാണ്.
16,10,000 ത്തോളം പുരുഷ ഗാർഹിക തൊഴിലാളികളാണുള്ളത്. ഇരു വിഭാഗത്തിനുമായി 53.9 ബില്യൺ റിയാൽ പ്രതിവർഷം ശമ്പളമായി സൗദി അറേബ്യ ചെലവഴിക്കുന്നുണ്ടെന്നാണ് ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിക്‌സ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്രയേറെ പണം പുറത്തേക്ക് പോകുന്നത് കണക്കിലെടുത്ത് ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് നിബന്ധനകൾ കൂടുതൽ കർക്കശമാക്കി റിക്രൂട്ടിംഗിനെ നിരുത്സഹപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ നിയമനത്തിലും ശമ്പളത്തിലും വർധനയാണ് കാണിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിൽ 7,74,400 ഓളം വനിതാ തൊഴിലാളികൾ സൗദിയിലെത്തിയതായാണ് കണക്കുകൾ. സ്ത്രീകൾക്ക് ഡ്രൈവിംഗ് അനുവദനീയമാവുകും തൊഴിൽ സാധ്യതകൾ വർധിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് ഗ്യാരണ്ടി പിൻവലിച്ച ഇന്ത്യൻ സർക്കാർ തീരുമാനം കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ തുറന്നുകിട്ടാൻ സഹായിക്കും.






