മോഷ്ടാവ് ഇന്ത്യക്കാരന്റെ ഫോണ്‍ വാങ്ങി വിളിച്ചു; ലെക്‌സസ് ജീപ്പ് കണ്ടെത്തി

റിയാദ് - സൗദി തലസ്ഥാന നഗരിയിലെ അല്‍ഖാദിസിയ ഡിസ്ട്രിക്ടില്‍ കാര്‍ ഷോറൂമില്‍ നിന്ന് മോഷണം പോയ ലെക്‌സസ് ജീപ്പ് കണ്ടെത്തി. ഉത്തര സൗദിയിലെ റഫ്ഹയില്‍ പെട്രോള്‍ ബങ്കില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയതെന്ന് കാര്‍ ഷോറൂം ഉടമ പറഞ്ഞു. കാറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തെ കുറിച്ച് അജ്ഞാതന്‍ ഫോണില്‍ ബന്ധപ്പെട്ട് തന്നെ അറിയിക്കുകയായിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് അറ്റന്റ് ചെയ്തത്.

രണ്ടു പേര്‍ സ്ഥലത്തെത്തി തന്റെ ഫോണ്‍ വാങ്ങി കോള്‍ വിളിച്ച ശേഷം ഫോണ്‍ തിരികെ നല്‍കി സ്ഥലം വിടുകയായിരുന്നെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു. കാര്‍ മോഷ്ടിച്ച വ്യക്തി തന്നെയാകും ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കരുതുന്നതെന്നും ഷോറൂം ഉടമ പറഞ്ഞു.

പട്ടാപ്പകല്‍ ഷോറൂമില്‍ നിന്ന് കാര്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പാരിതോഷികം നല്‍കുമെന്ന് ഷോറൂം ഉടമ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ വകുപ്പുകള്‍ അടക്കം അന്വേഷണം തുടരുന്നതിനിടെയാണ് റഫ്ഹായില്‍ പെട്രോള്‍ ബങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കാറുള്ളതായി അജ്ഞാതന്‍ ഷോറൂം ഉടമയെ വിളിച്ചയറിയിച്ചത്.  

 

Latest News