ഡേറ്റിങിനായി കഫേകൾ സ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രിക; ഇറ്റാലിയൻ സംസ്കാരമെന്നാരോപിച്ച് ബിജെപി

വഡോദര- യുവാക്കൾക്കും ദമ്പതികൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം പരസ്പരം കൂടിക്കാണാൻ അവസരമൊരുക്കുന്ന കേന്ദ്രങ്ങൾ (ഡേറ്റ് ഡെസ്റ്റിനേഷനുകൾ) സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സ്ഥാപിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്ലസ് നൽകിയ വാഗ്ദാനം വിവാദമാക്കി ബിജെപി രംഗത്ത്. വഡോദരയിൽ ഫെബ്രുവരി 21ന് നടക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനത്തെയാണ് 'സംസ്കാരത്തിന് ചേരാത്തത്' എന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. വഡോദര 'സാംസ്കാരിക നഗര'മാണെന്നും ബിജെപി പറയുന്നു. 

'ഇറ്റാലിയൻ സംസ്കാര'ത്തിന്റെ സ്വാധീനമാണ് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ കാണുന്നതെന്ന് ഗാന്ധി കുടുംബത്തെക്കൂടി ലാക്കാക്കി ബിജെപി ആരോപിക്കുന്നു.

നഗരത്തിൽ പാർട്ടികൾ നടത്താനുള്ള കേന്ദ്രങ്ങളും, സ്ത്രീകൾക്ക് കിറ്റി പാർട്ടികൾ നടത്താനുള്ള സ്ഥലങ്ങളും നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രിക പറയുന്നു. ഇതെല്ലാം സംസ്കാരത്തിന് യോജിക്കാത്തതാണെന്നാണ് ബിജെപിയുടെ വാദം.

സൌജന്യമായി വിദ്യാഭ്യാസം നൽകുന്ന 'അൾട്രാ മോഡേൺ' സ്കൂളുകൾ സ്ഥാപിക്കുമെന്നതാണ് കോൺഗ്രസ്സിന്റെ മറ്റൊരു വാഗ്ദാനം. സമൂഹത്തിലെ ഏറ്റവും ദരിദ്രരായവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് ഈ ആശയത്തിനു പിന്നിലുള്ളത്. സാധാരണക്കാരായ ജനങ്ങൾക്ക് നഗരത്തിൽ അൽമൊന്ന് റിലാക്സ് ചെയ്യാൻ സൌകര്യങ്ങളില്ല എന്ന് വഡോദര കോൺഗ്രസ് പ്രസിഡണ്ട് പ്രശാന്ത് പട്ടേൽ പറയുന്നു. പണമുള്ളവർക്ക് കഫെകളും മറ്റും ഉപയോഗിക്കാം. പാവപ്പെട്ടവർ എന്ത് ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

ഹല്ലോ ഗുജറാത്ത് എന്ന പേരിൽ കോൺഗ്രസ് നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി യുവാക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. ഇതിലാണ് സാധാരണക്കാർക്കു കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഡേറ്റ് ഡെസ്റ്റിനേഷനുകളും കോഫീ ഷോപ്പുകളുമെല്ലാം വേണമെന്ന നിർദ്ദേശം വന്നത്. ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കും സമയം ചെലവിടാൻ പറ്റിയ കേന്ദ്രങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് പട്ടേൽ വ്യക്തമാക്കുന്നു.

ബിജെപിയുടെ പ്രതിഷേധത്തോട് പ്രശാന്ത് പട്ടേൽ ഇങ്ങനെ പ്രതികരിച്ചു: "ഇതാണ് അവരുടെ പ്രശ്നം. സ്ത്രീകൾ സമൂഹത്തിൽ ദുർബലരാണെന്നത് അവർ മനസ്സിലാക്കുന്നില്ല. സ്ത്രീപുരുഷ സമത്വം ആവശ്യമാണെന്ന് അവർക്കറിയില്ല. കഫേകൾ ഇറ്റാലിയൻ സംസ്കാരമാണെങ്കിൽ നഗരത്തിലെമ്പാടുമുള്ള കഫെകൾ എന്തുകൊണ്ടാണ്? പൈസ അധികം ചെലവാകാത്ത കഫെകൾ മാത്രമാണോ ഇറ്റാലിയൻ സംസ്കാരം? എന്താണവർ 2021ൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്?"

Latest News