Sorry, you need to enable JavaScript to visit this website.

പദ്മാവതിക്കെതിരെ ആത്മാഹൂതി; സ്ഥിരീകരിക്കാതെ പോലീസ്

രാജസ്ഥാനിലെ കോട്ടയിലെ പാറക്കല്ലില്‍ പദ്മാവതി കാ വിരോധ് എന്നെഴുതിയിരിക്കുന്നു.

ന്യൂദല്‍ഹി- പദ്മാവതി സിനിമയുടെ റിലീസിംഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ നഹര്‍ഗഡ് കോട്ടയില്‍ യുവാവ് തൂങ്ങി മരിച്ച സ്ഥലത്ത് സിനിമക്കെതിരായ പരാമര്‍ശം പാറയില്‍ എഴുതിയത് കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ കോട്ടയ്ക്കുള്ളിലെ പാറക്കഷ്ണങ്ങളില്‍ ഞങ്ങള്‍ കോലം കത്തിക്കില്ല, കൊല്ലുകയേ ഉള്ളു എന്നും എഴുതി വെച്ചിട്ടുണ്ട്. പദ്മാവതിയെ എതിര്‍ക്കുന്ന തങ്ങള്‍ കോലം കെട്ടിത്തൂക്കില്ല, ഞങ്ങള്‍ക്കു ധൈര്യമുണ്ട്, അവിശ്വാസികള്‍ക്ക് ഇതേ ഗതിയുണ്ടാകും, ചേതന്‍ തന്ത്രി മരിച്ചു എന്നും എഴുതിയിട്ടുണ്ട്.
എന്നാല്‍, തൂങ്ങിമരണം കൊലപാതകമാണോ അത്മഹത്യയാണോ എന്ന കാര്യംപോലീസ് സ്ഥിരീകരിച്ചിട്ടില്ല. പദ്മാവതി സിനിമാ വിവാദവുമായി ബന്ധപ്പെടുത്തി കൊലപാതകത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് പോലീസ് കരുതുന്നുണ്ട്.
അതിനിടെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ചു നല്‍കിയ ഹരജി സുപ്രീം കോടതിയും തള്ളിയിരുന്നു.     ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് ദല്‍ഹി ഹൈക്കോടതി തള്ളിയത്.
ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്നു വിശ്വസിക്കാനാകുന്നില്ലെന്നും സംവിധായകന്‍ ശ്യാം ബെനഗല്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/padmavati-new-.jpg
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്മാവതിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ പശ്ചിമബംഗാളില്‍ സിനിമയുടെ റീലീസിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. സിനിമയുടെ റിലീസിംഗിനായി പ്രത്യേക സംവിധാനം ഒരുക്കാന്‍ തയാറാണ്. ബംഗാള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം ചെയ്യുമെന്നും മമത ഉറപ്പു നല്‍കി.
രാജസ്ഥാനില്‍ നഹര്‍ഗഡ് കോട്ടയിലെ സംഭവം ആത്മഹത്യയാകാമെന്നും തങ്ങളുടെ പ്രതിഷേധത്തിന്റെ രീതി ഇങ്ങനെയല്ലെന്നുമാണ് സിനിമക്കെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന കര്‍ണിസേനയുടെ പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്രാന പറഞ്ഞത്. സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബി.ജെ.പി നേതാവ് വൈഭവ് അഗര്‍വാള്‍ വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ ദല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിച്ചു. പദ്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രജപുത്ര സംഘടനകളും ചില ബി.ജെ.പി നേതാക്കളും ഏതാനും സംസ്ഥാനങ്ങളും സിനിമക്കെതിരാണ്. ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍  ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.
രജപുത്ര രാജ്ഞിയായ പദ്മാവതിയും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഒരു സ്വപ്നത്തിലായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. എന്നാല്‍, അങ്ങനെയൊരു രംഗം ഇല്ലെന്നു ബന്‍സാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ദീപികാ പദുകോണ്‍ ആണു പദ്മാവതിയായി അഭിനയിക്കുന്നത്. മഹാറാവല്‍ രത്തന്‍ സിംഗ് ആയി ഷാഹിദ് കപൂറും അലാവുദ്ദിന്‍ ഖില്‍ജിയായി രണ്‍വീര്‍ സിഗും വേഷമിടുന്നു. ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം വൈകുന്നതിനാല്‍ റിലീസിംഗ് തീയതി നിര്‍മാതാക്കള്‍ നീട്ടി വെച്ചിരിക്കുകയാണ്.

Latest News