Sorry, you need to enable JavaScript to visit this website.

ലോകത്ത് ഫോൺ കൂടുതൽ ഉപയോഗിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം

മൊബൈൽ ഫോൺ നിർമാതാക്കളായ നോക്കിയ നടത്തിയ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്ത്യ ട്രാഫിക് ഇൻഡക്‌സിന്റെ ഈ വർഷത്തെ പഠന പ്രകാരം, ലോകത്തിൽ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാർ. 2025 ഓട് കൂടി ചെറുവീഡിയോകൾ കാണാൻ വിനിയോഗിക്കുന്ന സമയം നാല് മടങ്ങ് വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഫോണിൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവരിൽ ഫിൻലൻഡ് കഴിഞ്ഞാൽ ഇന്ത്യയാണ് മുന്നിൽ. 
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗം 63 മടങ്ങ് വർധിച്ചു. ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന ഡാറ്റ ഉപയോഗ വർധനയാണിത്. ഇക്കാലയളവിൽ മറ്റൊരു രാജ്യവും ഇത്രയധികം നെറ്റ് ഉപയോഗത്തിൽ വർധനയുണ്ടായിട്ടില്ല -നോക്കിയ മാർക്കറ്റിംഗ് ചീഫ് ഓഫീസർ അമിത് മർവാഹ് റിപ്പോർട്ടിൽ പറഞ്ഞു.
റിപ്പോർട്ട് പ്രകാരം മൊബൈൽ ഫോണിൽ 2015 ഡിസംബറിൽ 164 പെറ്റാബൈറ്റ്‌സ് ഡാറ്റ ഉപയോഗിച്ചെങ്കിൽ 2020 ഡിസംബറിൽ 10,000 പെറ്റാബൈറ്റ് ഡാറ്റ ഉപയോഗിച്ചു. 
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒരാൾ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയിൽ 76 ശതമാനം വർധിച്ചു. ഫോർ ജി നെറ്റ് വർക്കിൽനിന്ന് 13.7 ജിബിയാണ് ഒരാളുടെ ശരാശരി ഉപയോഗം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല് മടങ്ങ് വർധനയാണ് ഇന്ത്യയിൽ ഒരാൾ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയിൽ ഉണ്ടായത്. ഇതിൽ 55 ശതമാനം ആളുകളും ചെറുവീഡിയോകൾ കാണാനാണ് നെറ്റ് കൂടുതൽ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ, യൂ ട്യൂബ്, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വരുന്ന കണ്ടന്റുകൾക്കാണ് കൂടുതൽ ഉപയോഗം.
ഫിൻടെക്, ഇ- കൊമേഴ്‌സ് മറ്റു ബ്രൗസിംഗ് എന്നിവക്കാണ് 45 ശതമാനം നെറ്റ് ഉപയോഗം. 2020 ൽ കോവിഡ് വ്യാപനത്തിന് ശേഷം ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഉപയോഗത്തിലും വർധനയുണ്ടായി. 2014 ഡിസംബറിൽ വെറും 6,90,000 വീടുകളിലാണ് എഫ്.ടി.ടി.എച്ച്, വയർലസ് സംവിധാനമുണ്ടായിരുന്നതെങ്കിൽ 2020 ൽ 40 ലക്ഷമായി ഉയർന്നു. വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ 30 ശതമാനം വർധനയുണ്ടായപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ 265 ശതമാനമാണ് വർധന. 5ജി കൂടി എത്തുന്നതോടെ ഇന്റർനെറ്റ് ഉപയോഗത്തിൽ ഇനിയും വർധനയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, 300 ദശലക്ഷം ഫീച്ചർ ഫോണുകൾ ഉപയോഗത്തിലിരിക്കുന്നതിനാൽ 2ജി ഉടൻ നിർത്തലാക്കില്ലെന്ന് നോക്കിയ ചീഫ് ടെക്‌നോളജി ഓഫീസർ രൺദീപ് റെയ്‌ന പറഞ്ഞു.

Latest News