Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ഇന്റർനെറ്റ് വിപ്ലവം 

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ കേരളത്തിലിത് ഉദ്ഘാടനങ്ങളുടെ സീസൺ. കഴിഞ്ഞ യു.ഡി.എഫ് ഭരണം അവസാനിക്കുന്ന വേളയിലും സമാന അനുഭവമായിരുന്നു. 95 ശതമാനത്തിലേറെ പൂർത്തീകരിച്ച രണ്ട് വൻകിട പദ്ധതികൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് ഏറെ വിമർശന വിധേയമായിരുന്നു - കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും. ഇന്റർനെറ്റ് സാക്ഷരതയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനത്തിന് പ്രയോജനപ്രദമായ പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്. ഇതിന്റെ പൂർണ ഫലം മലയാളികൾക്ക് ലഭിക്കാൻ ഒരു പക്ഷേ, വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമായിരിക്കും.  സി.പി.എം നേതാവായ ഒരു വനിത കേരളത്തിലെ ഡാറ്റ ഉപഭോഗത്തെ കുറിച്ച് സംസാരിച്ചത് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. കുത്തക കമ്പനികൾ പ്രതിമാസം ബാറ്റ ഷൂവിന്റെ  വില പോലെ 699 ഉം 599 ഉം കേരളത്തിൽ നിന്ന് ഊറ്റിക്കൊണ്ടു പോകുന്നതിനെ കുറിച്ചെല്ലാം അവർ വാചാലയാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാവാൻ പോവുകയാണ്. കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായി മാറുകയാണെന്ന അവരുടെ പ്രയോഗത്തെ വെറുതെ വിടാം.  ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തമാക്കുന്നതിന് കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുകയാണ്. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ  ഉദ്ഘാടനം ചെയ്തു.  
ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാനാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും. 10 ശതമാനത്തിൽ താഴെ ഓഫീസുകളാണ് സ്റ്റേറ്റ് നെറ്റ്‌വർക്കിൽ ഇപ്പോഴുള്ളത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അതിലും കുറവാണ്. വീടുകളും അതിവേഗ ഇന്റർനെറ്റിലേക്കു മാറിയിട്ടില്ല. കെ ഫോൺ പദ്ധതിയിലൂടെ അതിനെല്ലാം മാറ്റം വരും -മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചറും കെ.എസ്.ഇ.ബിയും ചേർന്നുള്ള സംയുക്ത സംരംഭം കെ ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്.  കെ.എസ്.ഇ.ബിയുടെ 378 സബ്‌സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. കൊച്ചി ഇൻഫോപാർക്കിൽ ആണ് നെറ്റ് വർക്ക് നിയന്ത്രണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിൽ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും കെ ഫോൺ വഴി ഇന്റർനെറ്റ് ലഭ്യമാകും.
ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള കെ. ഫോൺ വിശദീകരണ യോഗത്തിൽ അറിയിച്ചു. 
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും. 110 /120 /400 കെ.വി ഇലക്ട്രിക്കൽ ടവറുകൾ വഴി 2900 കെ.എം.ഒ.പി.ജി.ഡബ്ല്യൂ കാബിളിടാൻ ഉള്ളതിൽ 360 കിലോമീറ്റർ കാബിൾ പൂർത്തീകരിച്ചതായും ഐ.ടി സെക്രട്ടറി അറിയിച്ചു.
വിവരസാങ്കേതിക വിദ്യയിൽ നിരവധി പുരോഗതി ഉണ്ടായിരുന്നിട്ടും പത്തിൽ താഴെ ശതമാനം സർക്കാർ ഓഫീസുകൾ മാത്രമേ സ്റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കൽ ഫൈബർ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാൻഡിലേക്ക് മാറിയിട്ടില്ല. ഡിജിറ്റൽ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇൻഫ്രാസ്ട്രക്ച്ചർ ആവശ്യമാണ്. ഇന്റർനെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപറേറ്റർമാരെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രധാനമായും നഗരപ്രദേശങ്ങളിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ നെറ്റ്‌വർക്ക് ഇൻസ്‌പെക്ടർ പരിമിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങൾ സ്വായത്തമാക്കുന്നതിൽ സംസ്ഥാനം വേഗം കൈവരിക്കുകയാണ്. വർധിച്ചുവരുന്ന ബാൻഡ് വിഡ്ത്ത് ആവശ്യങ്ങൾക്ക് പ്രധാന ഘടകങ്ങളാണ് മേൽപറഞ്ഞ എല്ലാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കേരളത്തിന്റെ ദർശനാത്മക പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.
കെ ഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളിലും കോർ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും ഗവൺമെന്റ് ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്‌സസ് നെറ്റ്‌വർക്ക് വഴിയാണ്. കെ.എസ്.ഇ.ബിയുടെ 378 സബ്‌സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർപോപ്പ് ഉണ്ട്.
കെ ഫോൺ പദ്ധതിക്കു വേണ്ടി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡു മായി പരിപാലനം ഉൾപ്പെടെ ഒമ്പത് വർഷത്തേക്ക് ഏർപ്പാടാക്കിയ കരാർ തുക 1531 കോടി രൂപയാണ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ കാപെക്‌സ് തുക അടിസ്ഥാനമാക്കി പുതുക്കിയ നിരക്കിന് സർക്കാരിന്റെ ഭരണ അനുമതി നേടിയിട്ടുണ്ട്. ഇതിൽ 1168 കോടി രൂപ നിർമാണ പ്രവർത്തനത്തിന് 363 കോടി രൂപ ഓപ്പറേഷൻ മെയിൻറനൻസ് രാർ ഉറപ്പിച്ചത്. ഇതിൽ കാപെക്‌സ് തുകയായ 1168 കോടി രൂപയുടെ 70% കിഫ് ബിയിൽ നിന്നുമാണ് ലഭിക്കുന്നത്.
എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അതും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ്‌വർക്ക് സംസ്ഥാനത്ത് നിലവിൽ വരും . ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയയിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എം.ബി പി.എസ് തൊട്ട് 1 ജി.ബി പി.എസ് വരെ വേഗത്തിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്ലോക്ക് ചെയിൻ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, സ്റ്റാർട്ടപ്പ് സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾക്ക് കെഫോൺ സൗകര്യമൊരുക്കും. ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങൾക്കു ഇകൊമേഴ്‌സ് വഴി വിൽപന നടത്താൻ കെ ഫോൺ സഹായകമാകും. സർക്കാർ സേവനങ്ങൾ ആയ ഇ ഹെൽത്ത്, എജുക്കേഷൻ, മറ്റു ഇ സർവീസുകൾ എന്നിവക്ക് കൂടുതൽ ബാൻഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകും. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ്് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോൺ പദ്ധതി സഹായകമാകും.
പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റു സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്റർനെറ്റ് നൽകാൻ സാധിക്കുകയും അതിലൂടെ ഇന്റർനെറ്റ് അടിസ്ഥാന അവകാശം എന്ന കേരള സർക്കാർ നയം പ്രാവർത്തികമാക്കാനും സാധിക്കും.


 

Latest News