ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം: ഗുരുതര പരിക്ക്

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്‌റ്റേഷന് പുറത്തുവെച്ച് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായത്. പരിക്കേറ്റ ഉടന്‍ ജംഗീപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണം ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് നിഷേധിച്ചു.
സംഭവ സ്ഥലത്ത് വലിയ തോതില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മുര്‍ഷിദാബാദ് മേഖലയില്‍ ഏതാനം മാസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് മന്ത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അക്രമണത്തെ അപലപിച്ചു.

Latest News