തൃശൂർ- ബി.ജെ.പി ഭരണം വന്നാലും കുഴപ്പമില്ല, കോൺഗ്രസ് പിന്തുണ വേണ്ടെന്ന് സി.പി.എം. അവിണിശ്ശേരിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ രാജിവെക്കാൻ ഒരുങ്ങി സി.പി.എം അംഗങ്ങൾ രംഗത്ത്.
അഞ്ചു വർഷം ബി.ജെ.പി ഭരിച്ച തൃശൂർ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് കോൺഗ്രസ് പിന്തുണയോടെ ഇടതുപക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും പിന്തുണ വേണ്ടെന്ന് പറഞ്ഞ് സി.പി.എം രാജിവെക്കുകയും ചെയ്യുന്ന നാടകം തുടരുന്നത്.
ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ഇടതുപക്ഷത്തിന് വീണ്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും അത് രാജിവെക്കാനാണ് ഏറ്റവുമൊടുവിലെ തീരുമാനം. വള്ളിശേരി സൗത്തിലെ മെംബറായ സി.പി.എമ്മിലെ എ.ആർ.രാജുവാണ് കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായത്.
14 അംഗങ്ങളുള്ള പഞ്ചായത്തിൽ ആറു സീറ്റുകളിൽ ജയിച്ച ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
പ്രസിഡന്റ് സ്ഥാനാർഥിയായി ഹരി സി.നരേന്ദ്രനാണ് ബി.ജെ.പിയിൽ മത്സരിച്ചത്. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നുമാണ് അവിണിശ്ശേരിയിലെ ഗ്രാമപഞ്ചായത്ത് കക്ഷി നില.
മൂന്നു കക്ഷികളും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യഘട്ടത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടാം റൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയെ ഒഴിവാക്കി എൽ.ഡി.എഫും ബി.ജെ.പിയും മാത്രമായി മത്സരം. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ ബി.ജെ.പിക്ക് ആറും രാജുവിന് എട്ടും വോട്ടുകൾ ലഭിച്ചു.
2020 ഡിസംബർ 30ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് ധാരണയിലൂടെ ജയിച്ച് സത്യപ്രതിജ്ഞ ചെയ്തവർ രാജി വെച്ചതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. എൽ.ഡി.എഫ് അംഗമാണ് അന്ന് ജയിച്ചത്. യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫിന് വോട്ടു ചെയ്തു. എന്നാൽ യു.ഡി.എഫിന്റെ സഹായത്തോടെ നേടിയ പദവി വേണ്ടെന്ന തീരുമാനത്തിലായിരുന്നു എൽ.ഡി.എഫ് അംഗം രാജിവെച്ചത്. ഇതിന്റെ ആവർത്തനമായിരുന്നു ഇന്നലെ നടന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരിക്കണം പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കേണ്ടതെന്ന നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ സൂര്യ ഷോബിയായിരുന്നു പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ചിരുന്നത്. തങ്ങൾ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.
യു.ഡി.എഫ് പിന്തുണയിൽ ലഭിച്ച ഭരണം വേണ്ടെന്ന് വെയ്ക്കാൻ വീണ്ടും എൽ.ഡി.എഫ് തീരുമാനിച്ചതോടെ അവിണിശ്ശേരി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി തുടരുന്ന സ്ഥിതിയാണ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇന്ദിരാ ജയകുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് സത്യപ്രതിജ്ഞയും ചെയ്തു. തുടർന്ന് സ്ഥാനങ്ങൾ രാജിവെയ്ക്കാൻ സി.പി.എം നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിക്കും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വനിതാ അംഗങ്ങൾ ഇല്ലാത്തതിനാൽ എൽ.ഡി.എഫും ബി.ജെ.പിയുമായിട്ടായിരുന്നു മത്സരം . ബി.ജെ.പിയിലെ ഗീതാ സുകുമാരനെയാണ് ഇന്ദിര ജയകുമാർ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അംഗങ്ങൾ എൽ. ഡി.എഫിന് വോട്ട് ചെയ്തു.
യു.ഡി.എഫ് പിന്തുണയിൽ ലഭിച്ച ഭരണം രാജിവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എൽ.ഡി.എഫിന്റെ നിലപാടിൽ മാറ്റമില്ലെന്നും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വരാനാണ് സി.പി.എം രാജിവെക്കുന്നതെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചതെന്നും അത് പ്രാദേശികമായി എടുത്ത നിലപാടാണെന്നും തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസന്റ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ട്രയൽ റണ്ണാണിതെന്നും ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവിണിശ്ശേരി വിഷയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനമെന്നും ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ്‌കുമാർ പറഞ്ഞു.






