ഇന്ധന വില പത്താംദിവസവും ഉയര്‍ന്നു

കൊച്ചി- തുടര്‍ച്ചയായ പത്താംദിനവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ലിറ്ററില്‍ വര്‍ധിച്ചത്. ഈ മാസം 11 തവണ വില വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 90 ലേക്ക് അടുത്തു. ഇന്നലെ വില 89.70 രൂപയും ഡീസലിന് 84.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.50 ലേക്ക് എത്തിയിട്ടുണ്ട്. ഡീസലിന് 85.50 ലേക്കും എത്തി.
2018 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്നവിലയിലാണ് രാജ്യത്ത് ഇന്ധനം വില്‍ക്കുന്നത്. വില കുറയാന്‍ എക്സൈസ് തീരുവ കുറയ്ക്കുകയല്ലാതെ മറ്റു പോംവഴികളില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2018 ല്‍ സമാനമായ വിധം എണ്ണവില ഉയര്‍ന്നപ്പോള്‍ തീരുവ കുറച്ചിരുന്നു. സര്‍ക്കാരും എണ്ണക്കമ്പനികളും ഒന്നര രൂപവീതമാണ് അന്ന് കുറച്ചത്.
ഇക്കുറി 2020 നവംബര്‍ മുതല്‍ അടിക്കടി എണ്ണവില ഉയര്‍ന്നിട്ടും നികുതികുറയ്ക്കാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ല. രാജ്യാന്തര അസംസ്‌കൃത എണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിലും ഇന്ധനവില നിര്‍ണയിക്കുന്നത്. അതിനൊപ്പം ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നതും വില വര്‍ധനക്ക് കാരണമായിട്ടുണ്ട്. എണ്ണയുല്‍പ്പാദനം വെട്ടിക്കുറച്ച ഒപെക്ക് രാജ്യങ്ങളുടെ നടപടിയും അസംസ്‌കൃത എണ്ണ വില കൂടാന്‍ കാരണമാക്കി. ക്രൂഡ് വില ബാരലിന് 65 ഡോളറിലേക്ക് ഉയര്‍ന്നേക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ വില ഇനിയും ഉയരും.
വില താഴണമെങ്കില്‍ കേന്ദ്രം എക്സൈസ് നിരക്കും സംസ്ഥാനം വാറ്റ് നികുതിയും കുറയ്ക്കേണ്ടിവരും. കേരളം, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭാ  തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ വില കുറയുമെന്ന അഭ്യൂഹവും വിപണിയിലുണ്ട്.

 

Latest News