ഇടുക്കി-ആനക്കൊമ്പുമായി മൂന്നു പേരെ വനപാലകര്‍ പിടികൂടി. രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അടിമാലി ഇരുമ്പുപാലം പടിക്കപ്പ് സ്വദേശികളായ സുനില്‍ (40), സനോജ് (35), ബിജു (40) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പത്താം മൈല്‍ തൊട്ടിയാര്‍ ഭാഗത്ത് വെച്ച് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പും പിടികൂടി. ഒരു കൊമ്പിന് മൂന്ന് അടി നീളമുണ്ട്. ഇതിന് പൊതു വിപണിയില്‍ 30 ലക്ഷം രൂപയോളം വില വരും.
ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ സാജു വര്‍ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ വനപാലകര്‍ കച്ചവടക്കാരുടെ വേഷത്തില്‍ പ്രതികളെ സമീപിച്ചു. 25 ലക്ഷം രൂപ വില പറഞ്ഞത് സമ്മതിച്ചു. ഉച്ചയോടെ പ്രതികള്‍ ആനക്കൊമ്പുമായി തൊട്ടിയാര്‍ പദ്ധതി പ്രദേശത്ത് എത്തി. മുന്‍ ധാരണ പ്രകാരം കാത്തു നിന്ന വനപാലകര്‍ സനോജിനേയും സുനിലിനേയും കസ്റ്റഡിയില്‍ എടുത്തു. ഓട്ടോയില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ ബിജുവിനെ വാളറയില്‍ നിന്നും പിടികൂടി. തൊട്ടിയാര്‍ പ്രദേശത്തെ ആദിവാസികളില്‍ നിന്നും വില്‍പനക്ക് ലഭിച്ചതാണ് ആനക്കൊമ്പുകള്‍ എന്നാണ് പിടിയിലായവര്‍ വനപാലകര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് പ്രതികള്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.
ചിത്രം-വനപാലകരുടെ പിടിയിലായ സനോജ്, സുനില്‍ എന്നിവര്‍ ആന കൊമ്പുകളുമായി