Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ അപകടം ഒഴിവാക്കി: മഹേഷിന് റെയില്‍വേയുടെ ആദരം

കൊച്ചി- വല്ലാര്‍പാടത്ത് നിന്ന് കണ്ടെയ്നറുമായി പോയ ചരക്ക് വണ്ടി അപകടത്തില്‍ പെടുന്നത് ഒഴിവാക്കിയ ട്രാഫിക് ജീവനക്കാരനായ എം.മഹേഷിനെ ദക്ഷിണ റയില്‍വേ ആദരിച്ചു. അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ പി.ടി. ബെന്നിയുടെ സാന്നിധ്യത്തില്‍  തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍. മുകുന്ദ് പ്രശംസാപത്രവും ക്യാഷ്  അവാര്‍ഡും സമ്മാനിച്ചു.

ഫെബ്രുവരി 8 ന് വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് 20 അടി വലിപ്പമുള്ള 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്ക് പോയ ചരക്ക് വണ്ടിയില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന മഹേഷ് ചക്രങ്ങള്‍ പരിശോധിക്കുകയും ഇരുപത്തി അഞ്ചാമത്തെ വാഗണിലെ ചക്രങ്ങള്‍ക്ക് തകരാറും അസാധാരണമായ കുലുക്കവും കണ്ടുപിടിക്കുകയുമായിരുന്നു. ട്രെയിന്‍ പാളത്തിലേക്ക് കയറുന്നതിന്  നൂറ് മീറ്റര്‍ മാത്രം ഇപ്പുറം വച്ചാണ് മഹേഷ് തകരാറ് കണ്ടെത്തിയത്. തുടര്‍ന്ന് പിന്നിലെ ഗാര്‍ഡ് വാനിന്റെ ഭാഗത്തേക്ക് ഓടിയ മഹേഷ് ചുവപ്പ് സിഗ്നല്‍ കാണിക്കുകയും ഇത് ശ്രദ്ധയില്‍പെട്ട ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്തിക്കുകയുമായിരുന്നു. ട്രെയിന്‍ പാലത്തില്‍ കയറിയിരുന്നെങ്കില്‍ പാളം തെറ്റുകയും അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കിയതിനാണ് മഹേഷിനെ റയില്‍വേ ആദരിച്ചത്.

 

Latest News