Sorry, you need to enable JavaScript to visit this website.

മൽബു കഥ / ഉസ്താദിന്റെ പ്രണയം 

ഹമീദിന്റെ സ്വപ്‌നവും ഞെട്ടിയുണരലും കാരണം ഉറക്കം ഒട്ടും ശരിയായിട്ടില്ല. കട്ടിലിൽ ഇരുന്ന് അവന്റെ പരിഭവം മുഴുവൻ കേട്ടു. ആളുകളുടെ സങ്കടങ്ങൾക്ക് ചെവി കൊടുക്കണമെന്ന് പറഞ്ഞാൽ മാത്രം പോരല്ലോ. പ്രാവർത്തികമാക്കുകയും വേണ്ടേ -മൽബു സ്വയം സമാധാനിച്ചു.
അവൻ ഒളിപ്പിച്ചുവെച്ചതായിരുന്നു ആ സങ്കടം. രണ്ടു ദിവസത്തെ വാരാന്ത അവധി കുളമാക്കണ്ടല്ലോ എന്നു കരുതീട്ടാവും. പാവം. പക്ഷേ പുലരാറയപ്പോൾ സ്വപ്‌നം കണ്ട് പേടിച്ചു ഞെട്ടിയുണർന്നു. 
കൈകാലുകളിൽ ചങ്ങലയിട്ട് വലിയ പോലീസ് വണ്ടിയിൽ കൊണ്ടുപോകുന്നതും സിഗ്നലിൽ എത്തിയപ്പോൾ അവന്റെ ഭാര്യ അലമുറയിടുന്നതുമാണത്രേ സ്വപ്‌നത്തിൽ കണ്ടത്. പിന്നെ സംഭവിച്ചതൊന്നും ഓർമയില്ല.
അതുമിതുമൊക്കെ ആലോചിച്ചു കിടന്നിട്ടാകും. 


പ്രണയ ദിനമായതിനാൽ പഴയ വല്ല പ്രണയവും ആലോച്ചിട്ടുണ്ടാകും അല്ലേ. അതറിഞ്ഞ ഭാര്യ പോലീസിനെ കൊണ്ട് പിടിപ്പിച്ചതാകും. പലതും പറഞ്ഞുനോക്കി. 
സാധാരണ നില കൈവരിക്കാൻ പിന്നെയും സമയമെടുത്തു. 
എ.സി മാക്‌സിമം ആയിട്ടും നന്നായി വിയർത്തിരുന്ന ഹമീദ് പകൽ നടന്ന സംഭവം വിവരിച്ചു. 
സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങി ഫഌറ്റിലേക്ക് നടക്കുകയായിരുന്നു. തനിച്ചാണല്ലോ എന്നു കരുതി മാസ്‌ക് മൂക്കിൽനിന്ന് അൽപം താഴ്ത്തി ശുദ്ധവായു ശ്വസിച്ചുകൊണ്ടായിരുന്നു നടത്തം. വായ മറഞ്ഞിട്ടുമുണ്ട്. അപ്പോഴാണ് പോലീസ് വണ്ടി മുന്നിൽ വന്ന് ബ്രേക്കിട്ടത്. മാസ്‌ക് ശരിയാക്കി ഭവ്യതയോടെ നിന്നു. 
പോലീസ് വണ്ടി കണ്ടപ്പോഴല്ലേ മാസ്‌ക് ധരിച്ചത്?


അസ്സലാമു അലൈക്കും. കൈഫൽ ഹാൽ പറഞ്ഞതിനു ശേഷം പോലീസുകാരന്റെ ചോദ്യം. 
അല്ല സാർ, നേരത്തെയുണ്ട്. 
ഇപ്പോൾ രണ്ട് കുറ്റമായി. ഒന്ന് മാസ്‌ക് നേരാംവണ്ണം ധരിച്ചില്ല. രണ്ട്, കളവ് പറഞ്ഞു. 
പോലീസുകാരൻ മൊബൈലിൽ മൂക്ക് മറക്കാത്ത ഫോട്ടോ കാണിക്കുകയും ചെയ്തു. എന്തൊരു തെളിച്ചമുള്ള ഫോട്ടോ. അവിശ്വസനീയമായിരുന്നു അതിന്റെ ക്ലാരിറ്റി. 
ഇഖാമ വാങ്ങി നോക്കിയ ശേഷം ഫൈൻ ഉണ്ടാകുമെന്ന് പറഞ്ഞ ശേഷം പോലീസ് വണ്ടി പോകുകയും ചെയ്തു. 
ചുമ്മാ പേടിപ്പിച്ചതാകും. നീ അതു തന്നെ ആലോചിച്ചു കിടന്നിട്ടാണ്. ഫൈൻ ഒന്നുമുണ്ടാകില്ല.
ഫൈനിനു പുറമെ, ജയിലുമുണ്ടല്ലോ? ഹമീദിന്റെ സംശയം.
ജയിൽ ശക്ഷയൊക്കെ വേറെ കോവിഡ് ചട്ടലംഘനങ്ങൾക്കാണ്. മാസ്‌ക് ധരിക്കാത്തതിനു ജയിലൊന്നുമുണ്ടാകില്ല. നീ സമാധാനിക്ക്, ഒരു ഫൈനുമുണ്ടാകില്ല. ഉണ്ടെങ്കിൽ അപ്പോൾ തന്നെ എഴുതിത്തന്നേനേ. 
ഹമീദിനെ സമാധാനിപ്പിച്ച് ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് മൽബിയുടെ ഫോൺ. 
പതിവുപോലെ പരിഭവം തന്നെ. 


നിങ്ങളോട് പറഞ്ഞിട്ട് കേട്ടില്ലല്ലോ? സമ്മാനം ജമീലക്കടിച്ചു.
മൽബിയുടെ ക്ലാസ്‌മേറ്റുകൾ മാത്രമുള്ള വാട്‌സാപ് ഗ്രൂപ്പിൽ നടന്ന മത്സരത്തിന്റെ കാര്യമാണ്. 
പൂവണിഞ്ഞതോ നഷ്ടസ്വപ്‌നമായി അവസാനിച്ചതോ ആയ പ്രണയം എന്നതായിരുന്നു വിഷയം.
ഒരെണ്ണം എഴുതി സഹായിക്കാൻ മൽബി കെഞ്ചിപ്പറഞ്ഞെങ്കിലും അതൊക്കെ അനുഭവത്തിന്റെ ചൂടും ചൂരും വെച്ചു തന്നെ എഴുതണമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതാണ്. 
അപ്പോൾ നീ എഴുതിയില്ല അല്ലേ.. എഴുതിക്കാണുമെന്നാ ഞാൻ കരുതിയത്. നിനക്കത് പറ്റുമായിരുന്നു. 
വാക്കു തരുന്നു. അടുത്ത വർഷം പ്രണയ ദിനമുണ്ടെങ്കിൽ മൽബി മത്സരിച്ചിരിക്കും, സമ്മാനം നേടയിരിക്കും. 
ആട്ടെ, എന്തായിരുന്നു ജമീലയുടെ കുറിപ്പിന്റെ വിഷയം. നഷ്ടസ്വപ്‌നമാണോ.. അതോ പ്രണയ സാഫല്യമാണോ..
പുതുമയുള്ളതായിരുന്നു. അവൾ പ്രണയത്തെ കുറിച്ചല്ല,  പ്രണയിക്കാതിരിക്കാനുള്ള കാരണത്തെ കുറിച്ചാണ്  എഴുതിയത്.
മറ്റൊരാളുടെ പ്രണയം അതിന്റെ തീവ്രത വരച്ചുവെക്കുകയും ചെയ്തിരുന്നു. 
എന്താണ് കാരണം ?


അതൊരു വലിയ കഥയാണ്.. 
ചുരുക്കിപ്പറഞ്ഞാ മതി. ഓഫീസിലേക്കിറങ്ങണം.
പഠിച്ചുകൊണ്ടിരിക്കേ അവളായിരുന്നുവത്രേ കൂട്ടുകാരിക്ക് ഉസ്താദിന്റെ ലവ് ലെറ്ററുകൾ എത്തിച്ചുകൊടുത്തിരുന്നത്. ഒരു വർഷം നീണ്ട പ്രണയത്തിനു ശേഷം നാട്ടുകാർ പിടികൂടി ഉസ്താദിനെ തല്ലിയോടിച്ചു. അതിനു ശേഷം വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനു സമ്മതിച്ച കൂട്ടുകാരിക്ക് മക്കൾ നാലായി. കെട്ടിയവനാകട്ടെ, ഗൾഫിലെ വലിയ ബിസിനസുകാരൻ. ഉസ്താദ് ഏതോ നാട്ടിൽ നിരാശാകാമുകനായി താടി നീട്ടി ജീവിക്കുന്നു.
പ്രണയ നൈരാശ്യമൊന്നുമായിരിക്കില്ല. ഉസ്താദുമാരായാൽ താടി നീട്ടും. അത് വലിയ കാര്യമൊന്നുമല്ല: മൽബു പറഞ്ഞു.
വേറൊരു കാര്യം ചോദിക്കാനുണ്ട്. സത്യം തന്നെ പറയണം: മൽബി പറഞ്ഞു. 
ങ്ങള് ഫേസ്ബുക്കിലിട്ട പ്രണയക്കുറിപ്പിൽ പറയുന്ന റിയ ഞാനല്ലേ..എല്ലാവരും പറയുന്നുണ്ട്.
ആര്?


ഷമ്മുവും ജമീലയും അനീസയും ഫൗസിയയും അങ്ങനെ എല്ലാവരും. 
പ്രിയപ്പെട്ടവളേ, ഞാൻ നിന്നോട് സത്യമേ പറയൂ. ശരിക്കും അതിൽ പറയുന്നത് എന്റെ മനസ്സും ശരീരവും കീഴടക്കിയ റിയയെ കുറിച്ചല്ല.
പിന്നെ? 
അതു റിയാലിനെ കുറിച്ചാണ്.  പ്രണയ ദിനം കഴിഞ്ഞു പോകാതിരിക്കാൻ പെട്ടെന്ന് എഴുതിയതുകൊണ്ട് സംഭവിച്ചുപോയ ചെറിയൊരു അക്ഷരത്തെറ്റാണ്. റിയാൽ റിയ ആയിപ്പോയി. 
ങ്ങളവിടെ റിയാലും കെട്ടിപ്പിടിച്ച് കിടന്നോ എന്നു പറഞ്ഞുകൊണ്ടുള്ള മൽബിയുടെ ആട്ടിൽ പോക്കറ്റിൽനിന്ന് അഞ്ഞഞൂറ് റിയാലിന്റെ ഒരു നോട്ട് തല പൊക്കി മൽബുവിനെ നോക്കി ചിരിച്ചു. 
 

Latest News