തിരുവനന്തപുരം- സംസ്ഥാന സർക്കാറിന്റെ പിടിവാശി മൂലമാണ് നൂറുകണക്കിന് യുവാക്കൾക്ക് പി.എസ്.സി ജോലി നഷ്ടമായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകൾ ഒന്നരവർഷം കൂടി നീട്ടിയിരുന്നെങ്കിൽ 350 പേർക്ക് ജോലി ലഭിക്കുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കിൽ എത്ര പേർക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്. നൂറുകണക്കിനു ചെറുപ്പക്കാരുടെ ജോലികൾ നഷ്ടപ്പെട്ടു.
ഉദ്യോഗാർത്ഥികൾക്ക് പരമാവധി അവസരങ്ങൾ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. മൂന്നുവർഷ കാലാവധി കഴിയുമ്പോൾ പുതിയ ലിസ്റ്റ് വന്നില്ലെങ്കിൽ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവർഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാൻ നിയമമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴു പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.
പരമാവധി അവസരങ്ങൾ തുലയ്ക്കാനാണ് ഇടതുസർക്കാർ ശ്രമിച്ചത്. മൂന്നുവർഷം പൂർത്തിയായാൽ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സർക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സർക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വർഷം കഴിഞ്ഞപ്പോൾ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.
പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവർഷം നീട്ടണം. സിവിൽ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടർന്ന് മൂന്നു മാസമാണ് കിട്ടിയത്. അവരെ സർക്കാർ കോടതിയിൽ പിന്തുണച്ച് ഒരു വർഷം പൂർണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും പ്രശ്‌നം പരിഹരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.