ഇങ്ങോട്ട് വരേണ്ട, അത് നടക്കില്ല- അമിത് ഷായോട് ശ്രീലങ്ക

ളംബോ- ശ്രീലങ്കയില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ പ്രവേശം സാധിക്കില്ലെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹേവ പറഞ്ഞു.
ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി ശ്രീലങ്കയില്‍ യൂണിറ്റ് ആരംഭിക്കാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും വിദേശത്തുള്ള പാര്‍ട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലര്‍ത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നമ്മുടെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല- പുഞ്ചിഹേവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പിയെ ഭരണത്തിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഗര്‍ത്തലയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിര്‍ത്തികടന്നുള്ള പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ 2018-ലെ തിരഞ്ഞെടുപ്പുകാലത്താണ് ഷാ തന്നോട് വെളിപ്പെടുത്തിയതെന്നും ബിപ്ലബ് വ്യക്തമാക്കി.

 

Latest News