- മുഗാബെക്ക് രാജ്യം സുരക്ഷയൊരുക്കും, വിചാരണ ചെയ്യില്ല
ഹരാരെ- റോബർട്ട് മുഗാബെ രാജിവെച്ചതോടെ സിംബാബ്‌വെ പ്രസിഡന്റായി അധികാരമേൽക്കാൻ മുൻ വൈസ് പ്രസിഡന്റ് എമ്മേഴ്‌സൻ നംഗാവ ഒരുക്കങ്ങളാരംഭിച്ചു. സൈന്യവുമായും സുരക്ഷാ സ്ഥാപനങ്ങളുമായും മികച്ച ബന്ധം പുലർത്തുന്ന നംഗാവക്ക് അധികാരാരോഹണം പ്രയാസമാവില്ല. അദ്ദേഹത്തെ ഭരണ കക്ഷിയായ സനു-പി.എഫ് പാർട്ടിയുടെ അധ്യക്ഷനായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.
വൈസ് പ്രസിഡന്റ് പദവിയിൽനിന്ന് മുഗാബെ പുറത്താക്കിയ ശേഷം വിപ്രവാസ ജീവിതത്തിലായിരുന്ന നംഗാവ ഇന്നലെ സിംബാബ്‌വെയിൽ മടങ്ങിയെത്തിയപ്പോൾ വീരോചിത വരവേൽപാണ് ലഭിച്ചത്. പുതിയൊരു ജനാധിപത്യയുഗത്തിന്റെ പേറ്റുനോവാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് നംഗാവയെ സ്വീകരിക്കാൻ തടിച്ചുകൂടിയവർ പറഞ്ഞു.
75 കാരനായ നംഗാവ ഇന്ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നംഗാവെയെ വൈസ് പ്രസിഡന്റായി തുടരാൻ അനുവദിച്ചാൽ തന്റെ കാലശേഷം അദ്ദേഹം പ്രസിഡന്റാകുമെന്നും ഭാര്യയെ പ്രസിഡന്റ് ആക്കണമെന്ന മോഹം നടക്കില്ലെന്നും തിരിച്ചറിഞ്ഞാണ് ഈ മാസം ആറിന് മുഗാബെ അദ്ദേഹത്തെ പുറത്താക്കിയത്. പകരം ഭാര്യയെ വൈസ് പ്രസിഡന്റായി അവരോധിക്കാനായിരുന്നു നീക്കം. രാജ്യം പാരമ്പര്യ അധികാരത്തുടർച്ചയിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കിയ സൈന്യം അധികാരം പിടിക്കുകയും മുഗാബെയെ വീട്ടുതടങ്കലിലാക്കി അധികാരകൈമാറ്റം സുഗമമാക്കുകയുമായിരുന്നു. മുഗാബെയെ വിചാരണ ചെയ്യില്ലെന്നും രാജ്യത്ത് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും സൈന്യം ഉറപ്പു നൽകിയിട്ടുണ്ട്.
രാജ്യത്ത് സമ്പൂർണമായ ജനാധിപത്യത്തിന്റെ തുടക്കമാണ് ഇന്ന് നാം കാണുന്നതെന്ന് നംഗാവ നടത്തിയ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. കനത്ത സുരക്ഷയോടെ വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം സനു-പി.എഫ് പാർട്ടിയുടെ ആസ്ഥാനത്തെത്തിയത്.
വലിയ പ്രതീക്ഷയോടെയാണ് ഈ അധികാരമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ജനക്കൂട്ടത്തിലൊരാളായ 30 കാരൻ റെമിജിയോ മുട്ടേറോ പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഐടി ബിരുദധാരിയായ യുവാവ് പറഞ്ഞു.
60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നാഷനൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് നംഗാവയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. എല്ലാ തുറയിലും പെട്ട പൗരന്മാരെ ചരിത്രദിനത്തിന് സാക്ഷ്യം വഹിക്കാനായി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. സിംബാബ്‌വെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഭരണകക്ഷി അംഗങ്ങൾ ബസുകളിൽ തലസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾ അതിരുവിടരുതെന്നും സ്വയം നിയന്ത്രിക്കണമെന്നും ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. സൈനികരായി നടിച്ച് ക്രിമിനലുകൾ ആൾക്കൂട്ടത്തിൽ കടന്നുകൂടാനും പണം അപഹരിക്കാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നംഗാവയുടെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടേയും ബ്രിട്ടന്റേയും പ്രതിനിധികൾ ഹരാരെയിൽ എത്തും.