പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ഖത്തറിലെ സ്ഥാപനത്തില്‍ ജോലി ചെയ്തവര്‍

കോഴിക്കോട്- തട്ടിക്കൊണ്ടുപോയവര്‍ സ്വമേധയാ വിട്ടയച്ചതാണെന്നും മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും പ്രവാസി വ്യാപാരി എം.ടി.കെ. അഹമ്മദ് പറഞ്ഞു. മോചനദ്രവ്യം നല്‍കിയെന്ന വാര്‍ത്തകള്‍ ശരിയല്ല.
2016ല്‍ ഖത്തറില്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്വട്ടേഷന്‍ സംഘം വെളിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയത് നാദാപുരം, കുറ്റിയാടി സ്വദേശികളാണ്. മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ സ്വമേധയാ വിട്ടയക്കുകയായിരുന്നു.
ശനിയാഴ്ച കോഴിക്കോട് തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഹമ്മദിനെ തിങ്കളാഴ്ച രാമനാട്ടുകരയില്‍ കാറിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ തൂണേരിയില്‍ വെച്ച് തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം രണ്ടര മണിക്കൂറിലധികം യാത്ര ചെയ്ത ശേഷം മുറിയില്‍ അടച്ചിടുകയായിരുന്നുവെന്നും  അഹമ്മദ് പറഞ്ഞു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. കണ്ണും വായയും മൂടിക്കെട്ടിയതിനാല്‍ ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ച്  അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News