റിയാദ് - മാസ്‌കുകള്‍ ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും ആയിരം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്നും നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കും ശരീര ഊഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലായി ഉയരുന്ന പക്ഷം ആവശ്യമായ നടപടികള്‍ പാലിക്കാത്തവര്‍ക്കും ഇതു തുക പിഴ ചുമത്തും.
ഒന്നര മാസത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,66,533 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ജനുവരി നാലു മുതല്‍ ഫെബ്രുവരി പതിനാലു വരെയുള്ള കാലത്ത് നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 56,636 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഏറ്റവും കുറച്ച് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് നജ്‌റാനിലാണ്. ഇവിടെ ഒന്നര മാസത്തിനിടെ 1,209 നിയമ ലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
മക്ക- 31,423, കിഴക്കന്‍ പ്രവിശ്യ- 20,123 ഉം അല്‍ഖസീം- 15,782 മദീന- 3,046 ഉം അല്‍ജൗഫ്- 9,398, അല്‍ബാഹ- 6,565, തബൂക്ക്- 4,948, അസീര്‍- 4,151 , ഹായില്‍-3,518, ഉത്തര അതിര്‍ത്തി പ്രവിശ്യ- 1,998 ജിസാന്‍ 1,433 എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.






