തിരുവനന്തപുരം- പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ കാര്യത്തിൽ അനുഭാവപൂർവം ഇടപെട്ടില്ലെങ്കിൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. നിലവിലുള്ള ലിസ്റ്റ് എങ്ങിനെയങ്കിലും അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യു.ഡി.എഫ് സർക്കാർ ലിസ്റ്റ് നീട്ടാൻ പോലും പണം വാങ്ങിയെന്ന സി.പി.എം സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആരോപണം തെളിയിക്കാൻ വിജയരാഘവനെ ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചു. മൂന്നു കൊല്ലം പൂർത്തിയാകുന്ന അന്ന് ലിസ്റ്റ് റദ്ദാക്കാനാണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്. 133 ലിസ്റ്റുകളാണ് ഇടതുസർക്കാർ അധികാരത്തിൽ എത്തിയ ശേഷം റദ്ദാക്കിയത്. ഇതിന് പകരം ലിസ്റ്റുകൾ പോലും ഇറക്കിയില്ല.