റിയാദ് - പശ്ചിമ റിയാദിലെ ലെബന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് കൊള്ളയടിച്ച രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതികള്‍ തോക്കും കത്തിയുമായി മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ കയറി സ്വദേശി ജീവനക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും ടാബുകളും മറ്റും കവര്‍ന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മോഷ്ടിച്ച് കൈക്കലാക്കിയ കാറില്‍ സഞ്ചരിച്ചാണ് സംഘം മൊബൈല്‍ ഫോണ്‍ ഷോപ്പ് കൊള്ളയടിച്ചത്. മുമ്പ് നിരവധി കേസുകളില്‍ പ്രതികളായ മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായതെന്നും പ്രതികള്‍ക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.