ന്യൂദല്‍ഹി- ജെഎൻയു ദേശദ്രോഹക്കേസിൽ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് കനയ്യ കുമാറിന് ദൽഹി കോടതിയുടെ സമൻസ്. പോലീസിന് പ്രൊസിക്യൂഷൻ അനുമതി ലഭിച്ച് ഒരു വർഷത്തിനു ശേഷമാണ് കോടതി നടപടികൾ തുടങ്ങുന്നത്. ഒമ്പതുപേരും വിചാരണയെ നേരിടേണ്ടതായി വരും. മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ഫെബ്രുവരി 9ന് ജെഎൻയു കാമ്പസ്സിൽ കനയ്യ കുമാർ ഒരു പ്രകടനം നയിച്ചുവെന്നും ഈ പ്രകടനത്തിൽ ദേശദ്രോഹ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നുമാണ് പൊലീസിന്റെ ആരോപണം. പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തിനു പിന്നാലെയായിരുന്നു പ്രകടനമെന്ന് കുറ്റപത്രം പറയുന്നു.
കനയ്യ കുമാർ, അനിർബൻ ഭട്ടാചാര്യ, സയ്യിദ് ഉമർ ഖാലിദ്, അക്യുബ് ഹുസൈൻ ഗാട്ടൂ, മുനീബി ഹുസൈൻ ഗാട്ടൂ, ഉമർ ഗുൽ, റയീസ് റസൂൽ, ബഷരത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
പ്രൊസിക്യൂഷൻ അനുമതി നൽകാതെ പ്രതികളെ പ്രതിരോധിക്കുകയാണ് സംസ്ഥാന എഎപി സർക്കാർ എന്ന് ബിജെപി ആരോപിച്ചിരുന്നു. വിചാരണ ഇത്രയേറെ വൈകുകയും സംഭവങ്ങളുടെ ചൂടാറുകയും ചെയ്തതിൽ ബിജെപിക്ക് നിരാശയുണ്ട്. തങ്ങൾക്ക് അധികാരം കിട്ടിയാൽ ഒരു മണിക്കൂറിനുള്ളിൽ കനയ്യയ്ക്കും കൂട്ടർക്കുമെതിരെ പ്രൊസിക്യൂഷൻ അനുമതി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞവർഷം അസംബ്ലി തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ പറഞ്ഞിരുന്നു.