കൊല്‍ക്കത്ത- തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ 'മാ കിച്ചൻ' അവതരിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ച് രൂപയ്ക്ക് ഊണ് കിട്ടുന്ന രീതിയിലാണ് ഈ കിച്ചനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ പ്ലേറ്റ് ഭക്ഷണത്തിനും സംസ്ഥാന സർക്കാർ 15 രൂപ സബ്സിഡി നൽകും.
ഒരു പ്ലേറ്റ് ചോറും, വെജിറ്റേറിയൻ കറിയും, പരിപ്പുകറിയും ഒരു മുട്ടയും അടങ്ങുന്നതാണ് ഭക്ഷണം. തമിഴ്നാട്ടിൽ അമ്മ കാന്റീൻ എന്ന പേരിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കർണാടകത്തിലും സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു മുൻ കോൺഗ്രസ് സർക്കാർ. കേരളത്തിൽ നിലവിലെ സർക്കാർ ഇത്തരമൊരു പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കി വരുന്നുണ്ട്. അതെസമയം, ബംഗാളിൽ തെരഞ്ഞെടുപ്പുന് തൊട്ടടുത്തെത്തി നിൽക്കുമ്പോഴാണ് ഈ പദ്ധതിയെന്നത് ശ്രദ്ധേയമാണ്.
എല്ലാ അമ്മമാർക്കും സല്യൂട്ട് നൽകിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി മമത സെക്രട്ടേറിയറ്റിൽ വെച്ച് പ്രഖ്യാപിച്ചത്. ദരിദ്രർക്കായി നേരത്തെ രണ്ട് പദ്ധതികൾ കൂടി നടപ്പാക്കിയിരുന്നു മമത. ദ്വാരയ് സർക്കാർ എന്ന പേരിൽ സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയും, സ്വാസ്ഥ്യ സതി എന്ന പേരിൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമാണവ.
സാധാരണ ഒരു ഊണിന് ശരാശരി 25 രൂപ കൊടുക്കണം കൊൽക്കത്തയിൽ. അതെസമയം ബംഗാളിലെ ജനങ്ങളുടെ പക്കൽ ഭക്ഷണം വാങ്ങിക്കഴിക്കാൻ പോലും പണമില്ല എന്നതിന്റെ തെളിവാണ് സർക്കാരിന്റെ ഈ പ്രഖ്യാപനമെന്നാണ് ബിജെപി പറയുന്നത്.