Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ വിട്ടയച്ചു, കാറില്‍ എത്തിച്ച സംഘം രക്ഷപ്പെട്ടു

കോഴിക്കോട്-നാദാപുരത്തുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഹമ്മദിനെ മോചിപ്പിച്ചു. ഇദ്ദേഹത്തെ കാറില്‍ കൊണ്ടുവന്ന് വടകരക്കടത്ത് ഇറക്കിവിട്ട ശേഷം സംഘം കടന്നുകളയുകയായിരുന്നു. ബന്ധുക്കളെത്തിയാണ് അഹമ്മദിനെ വീട്ടിലെത്തിച്ചത്.  
തുണേരി മുടവന്തേരിയില്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ്  നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. നാദാപുരം ,കണ്ണൂര്‍ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. മോചിപ്പിക്കണമെങ്കില്‍ 60 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ ആറ് മണിക്ക് മുമ്പ് തന്നെ നാദാപുരം പോലീസില്‍ വിവരം അറിയിച്ചെങ്കിലും  കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്.  കാണ്മാനില്ലെന്ന പരാതിയാണ് ആദ്യം പോലീസ് രജിസ്റ്റര്‍ ചെയ്തത്. നാട്ടുകാരുടെ സമ്മര്‍ദവും പ്രതിഷേധവും ഉണ്ടായ ശേഷമാണ് പോലീസ് തട്ടിക്കൊണ്ട് പോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചിരുന്നു.
റൂറല്‍ എസ്യപിയുടെ നേതൃത്വത്തില്‍ അഹമ്മദിന്റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
പണം ആവശ്യപ്പെട്ട് അഹമ്മദിന്റെ സഹോദരന് ഭീഷണി സന്ദേശം  വന്നതോടെയാണ് പോലീസ് കേസ് ഗൗരവമായി പരിഗണിച്ചത്. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

 

Latest News