Sorry, you need to enable JavaScript to visit this website.

വിരാമമില്ലാത്ത ചരമലേഖനങ്ങൾ


രണ്ടാഴ്ച മുമ്പ് എന്റെ മകൻ പരിചയപ്പെടുത്തിത്തന്നതാണ് ആൻ വ്രൌ എന്ന എഴുത്തുകാരിയെ.  മറ്റൊരു ചിന്ത വരും മുമ്പ് എന്റെ അവകാശം സ്ഥാപിച്ചോട്ടെ, അവർ പതിനേഴു കൊല്ലമായി എഴുതുന്ന ദ എക്കോണമിസ്റ്റ് എന്ന വാരിക ഞാൻ അവനു പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ, ആൻ തന്റെ പ്രസിദ്ധമായ പംക്തി തുടങ്ങിയിരുന്നില്ല.
ആദ്യം പംക്തിയെ ചുറ്റി ഉയരുന്ന ധാരണയും സങ്കൽപവും തെളിച്ചെടുക്കാൻ ഒന്നു രണ്ടു കാര്യം പറയേണ്ടിയിരിക്കുന്നു. കൊല്ലത്തിന്റെ കണക്ക് കർശനമായി പാലിക്കുന്നില്ലെങ്കിൽ ആൻ എഴുതുന്നതിനേക്കാൾ എന്റെ പംക്തിക്ക് പഴക്കമേറും. ഏതാനും മാസത്തെ ഇടവേളയും തലക്കെട്ടിലെ വ്യത്യാസവും ഗൗനിക്കുന്നില്ലെങ്കിൽ എന്റെ പംക്തിക്കുമുണ്ടാകും രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം. തുടങ്ങുമ്പോൾ 'സോമവാരം' 'മറുപുറം'' ആയിരുന്നുവെന്ന് ഓർക്കുമല്ലോ. ഞാൻ ഇങ്ങനെ എന്റെ തന്നെ കൊമ്പ് ഊതിക്കൊണ്ടു പോകുന്നതിൽ നീരസമുള്ളവർക്കു വേണ്ടി ഷോപ്പൻ ഹോവറെ ഉദ്ധരിക്കാം. മണ്ടനും മനീഷിക്കും ഒരുപോലെ ഞെളിഞ്ഞിരിക്കാൻ പാകത്തിൽ വിനയം വലിയൊരു ഗുണമായി ഗണിക്കപ്പെടുന്നുവത്രേ. അതുകൊണ്ട് വിവരമുള്ളവർ വിനയം കാരണം പലപ്പോഴും വിഡ്ഢിവേഷം കെട്ടേണ്ടിവരുന്നുവെന്നാണ് ജർമൻ ചിന്തകന്റെ അഭിപ്രായം.


ആൻവ്രൌ പതിനേഴു കൊല്ലമായി  എക്കോണമിസ്റ്റിൽ എഴുതുന്ന  പംക്തിയിലേക്കു മടങ്ങാം. നിഷ്‌കൃഷ്ടമായ അർഥത്തിൽ അതൊരു പംക്തിയല്ല. ഒരു തലക്കെട്ടു തന്നെയില്ല. വാരികയുടെ പാരമ്പര്യമനുസരിച്ച് ലേഖകന്റെ പേരും കൊടുക്കാറില്ല. ആ കീഴ്‌വഴക്കത്തിൽനിന്ന് ഒരു വ്യതിചലനമാണ് ആൻ വ്രൌ എന്ന എഴുത്തുകാരിയുടെ പേരും കൃതിയും തമ്മിൽ പരസ്യമായി ബന്ധപ്പെടുത്തുന്ന രീതിയും. പുതുമയോടെ ആൻ ആഴ്ച തോറും കൈകാര്യം ചെയ്യുന്ന വിഷയമാണ് പഴയതിൽ പഴയതായ മരണം. മരണം എക്കോണമിസ്റ്റിന്റെ താളിൽ കൗതുകമാകുന്നു. വാരികയെ വായിക്കാൻ കൊള്ളുന്നതാക്കുന്ന പലതും ആൻ ഇറക്കുന്ന രചനകളാണെന്ന് അനുമോദിക്കുന്ന ഒരു ആരാധകൻ. അനുമോദനം കൊണ്ട് ആൻ ആവരണം ചെയ്യപ്പെടുന്ന അവസരങ്ങൾ പലതുണ്ടായി ഈയിടെ.
നാഴിക മണിയുടെ നിറവോടെ നീങ്ങുന്നതാണ് ആൻ തനിക്കു വേണ്ടി  ഒരുക്കിയിരിക്കുന്ന കാര്യപരിപാടി. വാരാരംഭത്തിൽ, കണിശമായും തിങ്കളാഴ്ച തന്നെ, വിഷയം നിശ്ചയിക്കപ്പെടും. ഒരു ജന്മം ഒരു താളിൽ, ആയിരം വാക്കിൽ, ഒതുക്കി ചൊവ്വാഴ്ച എപ്പോഴെങ്കിലും ക്രമീകരണത്തിനയക്കും. പിന്നെ അടുത്ത ആഴ്ചത്തെ നിര്യാതനെ തേടിയുള്ള ബഹളമാവും. അതൊരു ആഘോഷ പുരുഷനാവണമെന്നില്ല. സ്ത്രീയുമാവാം. 
നാലാൾ കേട്ടറിഞ്ഞുള്ളവരാണ് സാധാരണയായി ചരമലേഖനത്തിനു വിഷയമാവുക. ആരെയെങ്കിലുമൊക്കെ ഞെട്ടിക്കുകയോ ആർക്കെങ്കിലും നികത്താനാവാത്ത നഷ്ടം വരുത്തുകയോ ചെയ്യാത്ത മരണം ബോറായിരിക്കും, അതിജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം. 


വിഷയം തെരഞ്ഞെടുക്കുന്നതായിരിക്കും വലിയ സങ്കടം. നല്ലതു മാത്രമേ പറയാനുള്ളുവെങ്കിൽ ആൻ കുഴഞ്ഞതു തന്നെ.  വിധി പറയാൻ ആൻ മെനക്കെടാറില്ല. തിങ്കളാഴ്ച വിഷയം തെരഞ്ഞെടുത്താൽ പിന്നെ പരേതന്റെ തലയിൽ കൂടുകൂട്ടും ആൻ. ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോഴും മീൻ വാങ്ങാൻ നിൽക്കുമ്പോഴും ചിന്ത സ്വർഗസ്ഥനോ നരകസ്ഥനോ ആയ ആൾ തന്നെ.  സുവിശേഷ പരാമർശം ഉദാസീനമായി ചേർത്തതല്ല.  തികഞ്ഞ ആസ്തികയായ ആൻ, യേശുവിനെപ്പറ്റി മുറയ്ക്ക് എഴുതുമായിരുന്നു. പിലാത്തോസിനെപ്പറ്റി അവർ ഒരു പുസ്തകം തന്നെ രചിച്ചു. 
പേരു കേട്ടവരും കേൾക്കാത്തവരും ആൻ തയാറാക്കുന്ന മരിച്ചവരുടെ പട്ടികയിൽ പെടും. പരേതൻ നിർഗുണ ബ്രഹ്മമാകരുതെന്നേയുള്ളൂ.  കാമുകന്മാരുടെ എണ്ണം കൊണ്ടും കുസൃതി കൊണ്ടും ലോകത്തിന്റെ മനസ്സു നിറയെ സൗന്ദര്യം വീഴ്ത്തിയ ബ്രിട്ടീഷ് രാജകുമാരി ഡയാനയെപ്പറ്റി എഴുതാതിരിക്കാൻ ആവില്ല. 


പ്രശസ്തിയുടെ കാര്യത്തിൽ ഒരു പക്ഷേ ഡയാനയുടെ നേർവിപരീതമായിരിക്കും ആൻ തെരഞ്ഞെടുത്ത ഒരു മരണ വിഷയം, ബ്രിജ്‌രാജ് മഹാപാത്ര. കൊമ്പൻ മീശ തടവിക്കൊണ്ട് തന്റെ വേട്ടയുടെ ഓർമ അയവിറക്കുന്ന ബ്രിജ്‌രാജ് ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ രാജാവായിരുന്നു പോലും. തന്റെ നാട്ടുകാർ പോലും കൊണ്ടാടാത്ത ഒരു പേര് താലോലിക്കാൻ ആൻ എങ്ങനെ തീരുമാനിച്ചുവെന്ന് മഴയുടെയും മണ്ണിന്റെയും മഹാരാജൻ എന്നറിയപ്പെട്ട ബ്രിജ്‌രാജ് അത്ഭുതപ്പെടുന്നുണ്ടാവും. ഇന്ത്യയുടെ നാമശബ്ദ കോശം തിരക്കിയാൽ അതുപോലെ എത്രയോ പേർ കാണും. ആൻവ്രൌ എഴുതിത്തകർത്ത ഒരാളായിരുന്നു മഹർഷി മഹേശ് യോഗി. 


മരണം പ്രകൃതിശ്ശരീരിണാം എന്നു കാളിദാസൻ. വേറെ ആരൊക്കെയോ ചൊല്ലിക്കൊടുത്ത ആ വാക്യം കാളിയുടെ കീശയിൽ കുത്തിത്തിരുകിയെന്നേയുള്ളൂ. അങ്ങനെ ആളുകൾ ദിവസേന സുല്യം പറഞ്ഞുപോയിട്ടും എഴുതാൻ കൊള്ളാവുന്ന ഒരാളെ കണ്ടെടുക്കുക എളുപ്പമല്ല. ഒരാഴ്ചയിൽ ഒരു ചരമലേഖനം എന്നാണ് കണക്ക്. ആൻ എഴുതാൻ തുടങ്ങിയതിനു ശേഷം രണ്ടു തവണയേ ഒന്നിലേറെ പേരെ ഒരേ ലക്കത്തിൽ അവതരിപ്പിക്കേണ്ടി വന്നിട്ടുള്ളൂ. അങ്ങനെയുള്ള അവസരങ്ങളിൽ അവർ ഒരു ചരമലേഖനത്തിന്റെ ചുമതല വേറൊരാളെ ഏൽപിക്കും. 
വിധി പ്രസ്താവമോ വെറും  വിമർശനമോ ആവരുത് വിഷയം എന്ന് ആൻ നിർബന്ധിക്കുന്നു.  നല്ലതു മാത്രം പറയാനുള്ള, പച്ച വെള്ളം ചവച്ചുകുടിക്കുന്ന ഒരാളെപ്പറ്റി ചരമലേഖനമെഴുതിയാൽ ഏശില്ല. അതേ പോലെ തികഞ്ഞ തെമ്മാടിയായ ഒരാളെ അവതരിപ്പിച്ചാലും നിർവൃതി ഉണ്ടാവില്ല. 


രാമൻ, അയോധ്യയിലെ രാമൻ, ആ സദാചാരത്തിന്റെ ചട്ടവട്ടം. മരിച്ചവരെപ്പറ്റി മറുത്തു പറയരുത്.  തല പത്തും പോയി രാവണൻ തകർന്നു കിടക്കുന്നു. വിഭീഷണൻ രാമനെ സോപ്പിടാൻ കൊമ്പു വിളിക്കുന്നു: 'അന്നേ ഞാൻ പുള്ളിക്കാരനോടു പറഞ്ഞതാണ് യുദ്ധത്തിനു പോകരുതെന്ന്. ഇപ്പോൾ കിടക്കുന്ന കിടപ്പു കണ്ടില്ലേ?' മരണത്തെയും ജീവിതത്തെയും പറ്റി രാമൻ വേറിട്ടു വിചാരിച്ചിരുന്നു. 
വിഭീഷണന്റെ വചനം കേട്ട് രാമൻ പറഞ്ഞു: 'മതി മതി. മരിച്ചു പോയിരിക്കുന്നു. ഇനി ശേഷക്രിയ ചെയ്യുക. കുറ്റം പറയേണ്ട. മരണാന്താനി വൈരാണി.
രാമോപദേശം ചെവിക്കൊണ്ടാൽ ചരമലേഖനം ബുദ്ധിമുട്ടാകും. മരിച്ചവരെപ്പറ്റി അനിഷ്ടകരമായ ഒന്നും പറയരുതെന്നാണെങ്കിൽ പരേതൻ ആരായിരിക്കും, എന്തായിരിക്കും? ആർ. ശങ്കർ മരിച്ചതോർക്കുന്നു. അനുയായികളും ആക്ഷേപകരും വേണ്ട പോലെ ശങ്കറിന് ഉണ്ടായിരുന്നു. തന്റെ തലപ്പൊക്കത്തെപ്പറ്റി അദ്ദേഹം തലയുയർത്തി സംസാരിച്ചു.  അദ്ദേഹത്തെപ്പറ്റി രണ്ട്, അല്ലെങ്കിൽ മൂന്ന് വാക്കു പറയാൻ ഞങ്ങൾ സ്ഥലത്തെ ദിവ്യന്മാരെ തേടിയിറങ്ങി. എ.പി ഉദയഭാനു കോഴിക്കോട്ട് മാതൃഭൂമിയുടെ എഡിറ്റർ ആയിരുന്നു.  കൊച്ചു കാര്യങ്ങളെപ്പറ്റി കൊള്ളാവുന്ന കുറിപ്പുകൾ എഴുതിയിരുന്ന ഉദയഭാനു മനസ്സു മറക്കാതെ പറഞ്ഞു: 'ജീവിച്ചിരിക്കുമ്പോൾ ശങ്കറിനെ വാഴ്ത്തിക്കൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞതായി ഓർമയില്ല. ഇനിയിപ്പോൾ മരണത്തിൽ അതൊക്കെ തള്ളിപ്പറയണോ? എന്നെ വിട്ടേക്കൂ.'

സത്യം സത്യമായി പറയണമെന്നുള്ളവരല്ല എല്ലാവരും. ചരമലേഖനത്തിൽ സത്യമല്ലാത്തതും കലരും. മരണം എല്ലാവരെയും സമീകരിക്കുന്നുവെന്നാണ് ആപ്തവാക്യം.  മരണം വരെ മതി വൈരങ്ങൾ എന്ന രാമവചനം പോലെയേ അതും ഗൗനിക്കേണ്ടൂ. വാസ്തവത്തിൽ ആളുകളുടെ അസമത്വം എടുത്തോതുന്നതാണ് മരണമെന്ന് പ്രഖ്യാപിക്കുന്നു ആ ചിരിയുടെ ഫിലോസഫർ, ബർണാർഡ് ഷാ.  ചിരിയെ ചമൽക്കാരമാക്കുന്ന മറ്റൊരാൾ, മാർക് ടൈ്വൻ, ചരമലേഖനത്തെയും ചിരിക്കാൻ വിഷയമാക്കി. അദ്ദേഹത്തിന്റെ മരണം റിപ്പോർട്ട് ചെയ്ത ഒരു പതാധിപർക്ക് മാർക് ടൈ്വൻ എഴുതി: :'എന്റെ മരണവാർത്ത അൽപം നേരത്തെയായിപ്പോയി.' ഏറെക്കാലമായി ചർച്ചയിൽ വരാതിരുന്ന പേരുകേട്ട ന്യായാധിപൻ ജസ്റ്റിസ് പി.ടി രാമൻ നായരെ പരാമർശിക്കുമ്പോൾ ഞാൻ എവിടെയോ എഴുതി, 'പരേതനായ...'. ടൈ്വനെ അനുകരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു: 'മരണവാർത്ത അൽപം നേരത്തെയായി.' 'പറ്റിയത് അബദ്ധം ആയിരുന്നുവെന്ന് അറിയുന്നതിൽ  ആദ്യമായി സന്തോഷിക്കുന്നു. അതായിരുന്നു ചമ്മലോടു കൂടിയുള്ള എന്റെ മറുപടി. 
തികഞ്ഞ ദൂഷ്യത്തെ ആൻ എങ്ങനെ അവതരിപ്പിക്കുമോ, ആവോ? ഹിറ്റ്‌ലർ. ഷേക്‌സ്പിയറുടെ കാരണമില്ലാത്ത തിന്മയായ ഇയാഗോ.  നമ്മുടെ സ്വന്തം  കലി, പാരിൽ ഇന്നെന്നെ ആരറിയാതവർ എന്നു ചോദിക്കുന്ന നളചരിതത്തിലെ കലി.  അവരുടെയൊക്കെ ചരമം അനുമാനിക്കാമെങ്കിൽ എന്തായിരിക്കും ശേഷപത്രം? മധ്യകാല ചരിത്രത്തിൽ ഗവേഷണ ബിരുദവും ബി.ബി.സിയിൽ നീണ്ട പ്രവർത്തന പരിചയവുമുള്ള ആൻ പറയും: എന്റെ ചരമലേഖനങ്ങൾ ജീവിതത്തെപ്പറ്റിയാണ്, മരണത്തെപ്പറ്റിയല്ല.

Latest News