Sorry, you need to enable JavaScript to visit this website.

ദിഷയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം, വ്യാപക പ്രതിഷേധം; മജിസ്‌ട്രേറ്റിനെതിരേയും വിമര്‍ശം

ന്യൂദല്‍ഹി- കര്‍ഷക സമരത്തെ അനുകലിച്ചു കൊണ്ടുള്ള ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദിഷയെ മോചിപ്പിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയര്‍ന്നു.
വിദ്യാര്‍ഥിനിയെ  പോലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപണവും ശക്തമാണ്.
ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുന്നതിന് പകരം പോലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ടേറ്റിന്റെ നടപടി തെറ്റാണ് എന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കപില്‍ സിബല്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തുടങ്ങി നിരവധി പേര്‍ വിവര്‍ശനവുമായി രംഗത്തെത്തി.
തോക്കേന്തി നടക്കുന്നവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നിരായുധയായ ഒരു പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ പടര്‍ത്തിയിരിക്കുകയാണെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.
ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു. ഇന്ത്യ നിശബ്ദമാവില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ദിഷ രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഇന്ത്യ അസംബന്ധ നാടകവേദിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ദിഷ രവി എന്ന 21 കാരി  രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെങ്കില്‍ ഇന്ത്യയുടേത് അത്രത്തോളം ദുര്‍ബലമായ അടിത്തറയായിരിക്കണം. ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ അതിക്രമിച്ച്  കടക്കലിനേക്കാള്‍ അപകടകരമാണോ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ്! ഇന്ത്യ അസംബന്ധ നാടകവേദിയായി മാറിക്കൊണ്ടിരിക്കുന്നു, ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ദിഷ രവിയെന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ ട്വീറ്റ് മൂലം ദുര്‍ബലപ്പെടുത്താനാവുന്നതാണോ രാജ്യത്തിന്റെ സുരക്ഷ? 22 വയസ്സുള്ള കുട്ടി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ തക്കവിധം ഭരണകൂടം അത്ര ദുര്‍ബലമാണോ? കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന യുവാക്കളോട് തീരെ സഹിഷ്ണുത കാട്ടാന്‍ സാധിക്കാത്ത വിധം ഭരണകൂടത്തിന് ഇത്രയും അസഹിഷ്ണുതയോ? ഇതാണോ മോഡി ആഗ്രഹിക്കുന്ന മാറ്റം?- അദ്ദേഹം ചോദിച്ചു.

പ്രതിഷേധ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിന്‍ഡെ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ദിഷയ്‌ക്കോ നിഖിതയ്‌ക്കോ കഴിയുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരുടെ യഥാര്‍ഥ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാകുന്നത്. പ്രതിഷേധ ശബ്ദങ്ങളെ എത്രത്തോളം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നോ അത്രത്തോളം ജനങ്ങള്‍ ശബ്ദമുയര്‍ത്തും സുപ്രിയ ശ്രിന്‍ഡെ പറഞ്ഞു.

 

 

Latest News