നാലുവയസ്സുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചതിന് കേസ് 

ന്യൂദല്‍ഹി- നാലുവയസ്സുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പോലീസിന് പുലിവാലായി. ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്തെങ്കിലും അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന  ആശങ്കയിലാണ് പോലീസ്. 
പടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരകയില്‍ പ്രശസ്തമായ സ്വകാര്യ സ്‌കൂളിന്റെ ശുചിമുറിയില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. കൈവിരലുകളും പെന്‍സിലും ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ഗുഹ്യഭാഗങ്ങളില്‍ നാലരവയസ്സുകാരന്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. 
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മകള്‍ ശരീരഭാഗത്ത് വേദനയുണ്ടെന്ന് അറിയച്ചതിനെത്തുടര്‍ന്നാണ് വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. അടുത്ത ദിവസം രാത്രി വേദന അസഹ്യമായതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. 
മകള്‍ വിവരം പറഞ്ഞയുടന്‍ ക്ലാസ്ടീച്ചറെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു. സംഭവം നടക്കുമ്പോള്‍ അധ്യാപകരോ ആയമാരോ ആ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നാണ് കുട്ടി പറഞ്ഞത്. 
എന്നാല്‍, ഓരോ ശുചിമുറിയിലും ആയമാരുടെ സാന്നിധ്യം ഉണ്ടെന്നും ആരോപിക്കുന്ന തരത്തിലൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം, സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാണ് അമ്മയുടെ ആവശ്യം.  
കേസെടുത്തെങ്കിലും ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പോലീസ്. ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ കണക്കിലെടുക്കുമ്പോള്‍ ആരോപണ വിധേയനായ കുട്ടിയെ ചോദ്യം ചെയ്യാനാവില്ല.  വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. 

Latest News