കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരിച്ചു.
ഫെബ്രുവരി 11 ന് ഇടത് പാര്‍ട്ടികള്‍ നബന്നയിലുള്ള പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
ഫെബ്രുവരി 11 ന് നടന്ന 'നബന്ന ഒബിജാന്‍' സമരത്തില്‍ പങ്കെടുത്ത ബങ്കുറ ജില്ലയിലെ കോട്ടുല്‍പൂര്‍ നിവാസിയായ മൈദുല്‍ ഇസ്ലാം മിദ്ദക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച ആരോഗ്യ നില വഷളായ യുവാവ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മാര്‍ച്ചിനിടെ പോലീസ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വം ആരോപിച്ചിരുന്നു.
യുവാവിനെ കൊല്‍ക്കത്ത പോലീസ് കൊലപ്പെടുത്തിയതാണെന്ന് സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പോലീസാണ് മിദ്ദയെ കൊലപ്പെടുത്തിയതെന്നും ഈ കൊലപാതകത്തെക്കുറിച്ച് ശരിയായ അന്വേഷണം വേണമെന്നും സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. യുവാവിനെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ രക്തം വെറുതെയാവില്ലെന്നും
പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നാന്‍ പറഞ്ഞു.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും മിദ്ദയുടെ മരണത്തില്‍ അനുശോചിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും ടിഎംസി സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിദ്ദയുടെ മരണകാരണം കൊല്‍ക്കത്ത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്‍ക്കത്തയിലെ പോലീസ് മോര്‍ച്ചറിയില്‍ എത്തിച്ചിരിക്കയാണ്.