രണ്ടാഴ്ച മുൻപ് ദത്തെടുത്ത മകൾക്കൊപ്പം റോഡ്  കുറുകെ കടന്ന വീട്ടമ്മയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം

കോട്ടയം-പട്ടിത്താനം- മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45) വാഹനാപകടത്തിൽ  മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ദൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി-സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി. ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.
 

Latest News