വഡോദര- വഡോദരയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കുഴഞ്ഞുവീണു. നിസാംപുര മേഖലയിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേജിൽ വെച്ചുതന്നെ വിജയ് രൂപാനിക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നീട് എഴുന്നേറ്റ രൂപാനി പരസഹായമില്ലാതെ തന്നെ സ്റ്റേജിന്റെ പടികളിറങ്ങി. വഡോദരയിൽ രൂപാനി ഇന്നലെ പങ്കെടുത്ത മൂന്നാമത്തെ റാലിയിൽ വെച്ചായിരുന്നു സംഭവം.
റാലിസ്ഥലത്തു നിന്ന് നേരെ വിമാനത്താവളത്തിലേക്കാണ് മുഖ്യമന്ത്രി പോയത്. അഹ്മദാബാദിലെത്തിയ ശേഷം ആശുപത്രിയിൽ പോകാനാണ് പദ്ധതിയെന്ന് ബിജെപി നേതാവ് ഭരത് ഡാങ്ഗർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി രൂപാനിയുടെ ആരോഗ്യനില മോശമായിരുന്നു. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഫെബ്രുവരി 21നാണ് തെരഞ്ഞെടുപ്പ്. മുനിസിപ്പാലിറ്റി, ജില്ലാ, താലൂക്ക പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും.