Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഇന്ത്യ ചൈനയ്ക്ക് കീഴടങ്ങി', പിൻവാങ്ങൽ കരാറിലെ വ്യവസ്ഥകൾ അപകടകരമെന്ന് കോൺഗ്രസ്

ന്യൂദൽഹി- ഇന്ത്യ-ചൈന പിൻവാങ്ങൽ കരാറിന്റെ വ്യവസ്ഥകളെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. പിൻവാങ്ങൽ വ്യവസ്ഥകളും പാൻഗോങ് ത്സോയിലെ ബഫർ സോൺ രൂപീകരണവുമെല്ലാം ഇന്ത്യയുടെ താൽപര്യങ്ങളെ അടയറ വെക്കലാണെന്ന് മുൻ പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ചൈന മുമ്പോട്ടു വെച്ച വ്യവസ്ഥകളെ അംഗീകരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ സ്ഥിതി പുനസ്ഥാപിക്കാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളതെന്ന് വിശദാീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഇതേ രീതിയിൽ മറ്റ് പ്രദേശങ്ങളിലും (ഡെസ്പാങ്, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര, സിക്കിം, അരുണാചൽ...) ബഫർ സോണുകൾ സൃഷ്ടിക്കപ്പെടുകയാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. സർക്കാരിന് അപകരം മനസ്സിലാകുന്നില്ല. അവർ പിൻവാങ്ങലിന്റെയും ബഫർ സോൺ സൃഷ്ടിയുടെയും കീഴ്‍വഴക്കം സൃഷ്ടിക്കുകയാണ്. താൽപര്യങ്ങളെ അടിയറ വെക്കുകയാണ്," മുൻ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും അതിർത്തിയിലെ പിൻവാങ്ങലും സമാധാനം വരുന്നതുമെല്ലാം ആഗ്രഹിക്കുമെങ്കിലും അതിന് എന്ത് നഷ്ടപ്പെടുത്തുന്നുവെന്നതും എന്ത് വിലകൊടുക്കേണ്ടി വരുന്നുവെന്നതുമെല്ലാം പ്രധാനമാണെന്ന് എകെ ആന്റണി പറഞ്ഞു. ഗാൽവാനിലെയും പാൻഗോങ്ങിലെയും പിൻവാങ്ങൽ കീഴടങ്ങലാണ്. ദേശീയസുരക്ഷയുടെ ചെലവിലാകരുത് ഒരു പിൻവാങ്ങലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ നുണ പറഞ്ഞെന്നാണോ പറഞ്ഞുവരുന്നതെന്ന ചോദ്യത്തിന് ആന്റണിയുടെ മറുപടി ഇതായിരുന്നു: "എനിക്ക് എന്റെ ഭാഷയുണ്ട്, നിങ്ങൾക്ക് നിങ്ങളുടേതും."

ചൈനയോട് കീഴടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തു വന്നിരുന്നു. അതെസമയം പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശങ്ങളൊന്നും നടത്താതെയാണ് ആന്റണിയുടെ പ്രസ്താവന. പാരമ്പര്യമായി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ കീഴടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

"ഗാൽവൻ താഴ്‍വര ഒരുകാലത്തും തർക്കപ്രദേശമായിരുന്നില്ല. പുതിയ റോഡിന്റെ പണി പൂർത്തിയാവുകയും ഇന്ത്യൻ ആർമി അവിടെ ഉണ്ടായിരിക്കുകയും ചെയ്താൽ ഏതൊരു ഘട്ടത്തിലും നമുക്ക് കാരക്കോറം പാസ്സിലേക്കും ചൈനയുടെ മറ്റ് തന്ത്രപരമായി പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാനാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയ്ക്ക് വേണമെങ്കിൽ സിയാച്ചിൻ ഗ്ലേസിയർ പിടിച്ചെടുക്കാൻ പാകിസ്താനെ സഹായിക്കാൻ പോലും കഴിയുമെന്ന് വന്നിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News