ശിവസാഗർ- അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്നും ഒരിക്കലും സിഎഎ നടപ്പാക്കില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു. സംസ്ഥാനത്ത് രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയാണിത്.
അസമിനു വേണ്ടത് ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സ്വന്തം മുഖ്യമന്ത്രിയെയാണ്. നാഗ്പുരില്‍ നിന്നോ ദൽഹിയില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. അസം ജനതയുടെ യോജിപ്പും ഒരുമയും സമാധാനം കൊണ്ടുവരും. അസം ജനതയുടെ യോജിപ്പ് താനും തന്റെ പാര്‍ട്ടിയും സംരക്ഷിക്കുമെന്നും അതില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അസം വിഘടിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്നവുമില്ല. പക്ഷേ അസമിനെയും രാജ്യത്തെയുമാണത് ബാധിക്കുക - രാഹുല്‍ ഗാന്ധി പറഞ്ഞു.