മത്സരിക്കാനൊരുങ്ങി കെ.പി.സി.സി സെക്രട്ടറി; കോണ്‍ഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന

കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പില്‍  ബത്തേരി മണ്ഡലത്തില്‍  മത്സരിക്കണമെന്ന കെ.പി.സി.സി സെക്രട്ടറി എം.എസ്.വിശ്വനാഥന്റെ ശാഠ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു പുതിയ തലവേദനയായി.

ബത്തേരി മണ്ഡലത്തില്‍ കുറുമ സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കണമെന്നു കേരള കുറുമര്‍ സമാജം പരസ്യമായി ആവശ്യപ്പെട്ടിരിക്കെയാണ് ഇതേ സമുദായാംഗമായ വിശ്വനാഥന്‍ ടിക്കറ്റിനുവേണ്ടി ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ബത്തേരിയില്‍ കുറിച്യ സമുദായാംഗവും വടക്കേവയനാട് സ്വദേശിയുമായ ഐ.സി.ബാലകൃഷ്ണന്‍ മൂന്നാം തവണയും ജനവിധി തേടാന്‍ ഒരുങ്ങുന്നതിനിടെയാണ് സീറ്റിനുവേണ്ടി വിശ്വനാഥന്റെ പരിശ്രമം. സിറ്റിംഗ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റു നല്‍കാന്‍ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിരിക്കെ വിശ്വനാഥന്റെ നീക്കം ബത്തേരി മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ചര്‍ച്ചയായി.


കയര്‍ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനാണ്  ബത്തേരി ബീനാച്ചി മന്തംകൊല്ലി സ്വദേശിയായ വിശ്വനാഥന്‍. 10 വര്‍ഷത്തെ സേവനത്തിനുശേഷം കയര്‍ ബോര്‍ഡിലെ ജോലി രാജിവച്ചതിനുപിന്നാലെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ആദിവാസി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2013 മുതല്‍ കെ.പി.സി.സി സെക്രട്ടറിയാണ്. നിലവില്‍ ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമാണ്. പഴേരി പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍നിന്നാണ് മുനിസിപ്പല്‍ കൗണ്‍സിലെത്തിയത്.


ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ നേരില്‍ക്കണ്ട് അഭ്യര്‍ഥിച്ചതായി വിശ്വനാഥന്‍ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് വയനാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹനനു കത്തും നല്‍കിയിട്ടുണ്ട്.  കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചാല്‍ നിര്‍ണായക നിലപാട് സ്വീകരിക്കുമെന്നും  വിശ്വനാഥന്‍ വ്യക്തമാക്കി.


ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ   മൂന്നു നിയമസഭാമണ്ഡലങ്ങളാണ് വയനാട്ടില്‍. ഇതില്‍ കല്‍പറ്റ ഒഴികെയുള്ളതു പട്ടികവര്‍ഗ സംവരണ  മണ്ഡലങ്ങളാണ്.  2011, 2016 തെരഞ്ഞെടുപ്പുകളില്‍ മാനന്തവാടിയില്‍ നിലവിലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മിക്കും ബത്തേരിയില്‍ ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനുമാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. വടക്കേ വയനാട്ടുകാരായ ജയലക്ഷ്മിയും ബാലകൃഷ്ണനും കുറിച്യ സമുദായത്തില്‍നിന്നുള്ളവരാണ്. ഒരേ നാട്ടുകാരായ ഇവര്‍ തമ്മില്‍ കുടുംബ ബന്ധവും ഉണ്ട്.
ബത്തേരി നിയോജകമണ്ഡലത്തില്‍  കുറുമ വിഭാഗത്തില്‍പ്പെട്ട കാല്‍ ലക്ഷത്തോളം വോട്ടര്‍മാരുണ്ട്. കുറിച്യ വിഭാഗത്തില്‍പ്പെട്ട വോട്ടമാര്‍ 100ല്‍ താഴെയാണ്. പുല്‍പള്ളി പഞ്ചായത്തിലെ പാക്കത്താണ് ഏതാനും കുറിച്യ കുടുംബങ്ങളുള്ളത്. ഈ സാഹചര്യത്തിലും രണ്ടു മണ്ഡലങ്ങളിലും കുറിച്യ വിഭാഗത്തില്‍നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കുന്നതു സാമുദായിക നീതിയുടെ നിഷേധമാണെന്നു വിശ്വനാഥന്‍ പറയുന്നു. 1997ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ സംവരണമണ്ഡലമായിരുന്ന ബത്തേരിയില്‍ കുറുമ സമുദായത്തില്‍നിന്നുള്ള കെ.രാഘവനായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2006 വരെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരാണ് ബത്തേരിയില്‍ മത്സരിച്ചത്. 1980,1982,1987 തെരഞ്ഞെടുപ്പുകളില്‍ കെ.കെ.രാമചന്ദ്രനും 1991ലും 1996ലും കെ.സി.റോസക്കുട്ടിക്കും 2001ലും 2006ലും എന്‍.ഡി.അപ്പച്ചനും പിന്നീട് രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഐ.സി.ബാലകൃഷ്ണനുമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. 1996ല്‍ പി.വി.വര്‍ഗീസ് വൈദ്യരും 2006ല്‍ പി.കൃഷ്ണപ്രസാദുമാണ്(ഇരുവരും സി.പി.എം) ബത്തേരിയില്‍ വിജയിച്ചത്.
ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെടുകവഴി സിറ്റിംഗ് എം.എല്‍.എ ഐ.സി.ബാലകൃഷ്ണനു ടിക്കറ്റ് നിഷേധിക്കണമെന്നല്ല താന്‍ ആവശ്യപ്പെടുന്നതെന്നു വിശ്വനാഥന്‍ പറഞ്ഞു. പട്ടികവര്‍ഗത്തിലെ വിവിധ സമുദായങ്ങളുടെ താത്പര്യം എങ്ങനെ സംരക്ഷിക്കണമെന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.


എം.എസ്.വിശ്വനാഥനു സീറ്റ് നിഷേധിക്കുന്ന സാഹചര്യം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയെ ചെറിയ തോതിലെങ്കിലും ബാധിക്കുമെന്നു ബത്തേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ സുപ്രധാന തീരുമാനമെടുക്കുമെന്നു വിശ്വനാഥന്‍ വ്യക്തമാക്കിയിരിക്കെ അദ്ദേഹം എല്‍.ഡി.എഫ് പിന്തുണയോടെ ബത്തേരിയില്‍ മത്സരിക്കാനുള്ള സാധ്യതയും ചിലര്‍ തള്ളിക്കളയുന്നില്ല.

ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയിലും അമ്പലവയല്‍ പഞ്ചായത്തിലും എല്‍.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് നിയന്ത്രണത്തിലാണ് മറ്റു പഞ്ചായത്ത് ഭരണസമിതികള്‍.  എങ്കിലും മണ്ഡലത്തില്‍ ഇടതു, വലതു മുന്നണികള്‍ തമ്മില്‍ വലിയ വോട്ടന്തരമില്ല. ഏഴ് തദ്ദേശ സ്ഥാപനങ്ങളിലുമായി യു.ഡി.എഫിനു 78,340 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ് 76,610 വോട്ട് നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി 1,10,697 വോട്ട് പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി.സുനീറിനു 40,232 വോട്ടാണ് ലഭിച്ചത്. ദേശീയ ജനാധിപത്യ സഖ്യം 17,602 വോട്ട് നേടി.

Latest News