കൊച്ചി- ആത്മനിര്ഭര് ഭാരത് കാമ്പയിന്റെ ഭാഗമായി കൊച്ചയില് വിവിധ വികസന പദ്ധിതകള് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വിദേശനാണ്യത്തില് മാത്രമല്ല ആയിരങ്ങള്ക്കു ജോലി ലഭിക്കുന്നതിനും പദ്ധതികള് സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിനു സമര്പ്പിച്ചത്. നമ്മളിവിടെ ഒത്തു ചേര്ന്നത് കേരളത്തിന്റേയും ഇന്ത്യയുടേയും വികസനം ആഘോഷിക്കാനാണ്. വിവിധ മേഖലകളിലുള്ള പദ്ധതികള്ക്കാണ് തുടക്കം കുറിക്കുന്നത്. അവ ഇന്ത്യയുടെ വളര്ച്ചയെ ത്വരിതപ്പെടുത്തും. രണ്ട് വര്ഷം മുമ്പ് കൊച്ചി റിഫൈനറി സന്ദര്ശിച്ചപ്പോള് അത് ആധുനിക റിഫൈനറികളിലൊന്നായിരുന്നു. ഇപ്പോള് നമ്മള് മറ്റൊരു റിഫൈനറി കൂടി സമര്പ്പിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണ്. കൊച്ചിക്കാര് സമയത്തിന്റെ വിലയറിയുന്നവരാണ്. പരസ്പരം സഹകരിച്ചു പ്രവര്ത്തിക്കുന്നതിന്റെ പ്രധാന്യവും അറിയുന്നവരാണ്. കരയിലൂടെ 30 കിലോമീറ്റര് യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റര് യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവര്ത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയും-
വില്ലിങ്ടണ് ഐലന്ഡ്- ബോള്ഗാട്ടി റോ-റോ സര്വീസ് യാനങ്ങള് രാജ്യത്തിനു സമര്പ്പിച്ചതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോഡി പറഞ്ഞു. കോവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും.
വൈകിട്ട് മൂന്നു മണിയോടെ ചെന്നൈയില്നിന്നു നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്ക്കാരിനു വേണ്ടി മന്ത്രി ജി.സുധാകരന് സ്വീകരിച്ചു.

റിഫൈനറിയിലെ പ്രൊപ്പിലീന് ഡെറിവേറ്റീവീസ് പെട്രോകെമിക്കല് പ്രോജക്ട് (പിഡിപിപി-6000 കോടി രൂപ), കൊച്ചി പോര്ട്ട് ട്രസ്റ്റിന്റെ സാഗരിക ഇന്റര്നാഷനല് ക്രൂസ് ടെര്മിനല് (25.72 കോടി), കൊച്ചി ഷിപ്യാഡ് ഗിരിനഗറില് നിര്മിച്ച സാഗര് വിജ്ഞാന് ക്യാംപസ് (27.5 കോടി), വില്ലിങ്ഡണ് ഐലന്ഡ്- ബോള്ഗാട്ടി റോ-റോ സര്വീസ് നടത്തുന്ന യാനങ്ങള് (30 കോടി) എന്നിവയുടെ സമര്പ്പണത്തിനു പുറമേ, അമോണിയ ഇറക്കുമതിക്കായി ഫാക്ടിനു വേണ്ടി തുറമുഖത്തു പുനര്നിര്മിക്കുന്ന സൗത്ത് കോള് ജെട്ടിയുടെ ശിലാസ്ഥാപനവും (20 കോടി) പ്രധാനമന്ത്രി നിര്വഹിച്ചു. ആറുമണിയോടെ പ്രധാനമന്ത്രി വിമാന മാര്ഗം ദല്ഹിക്കു മടങ്ങും.






