വെല്ലിംഗ്ടണ്‍- ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളിലേക്കുള്ള കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത സജീവ അണുബാധ കേസുകളാണിതെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. സ്ത്രീ അവസാനം ജോലിക്കു പോയി എട്ട് ദിവസം കഴിഞ്ഞതിനുശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്ന വിമാനങ്ങളില്‍ നല്‍കിയിരുന്ന ഭക്ഷണം സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു.
ലഭ്യമായ വിവരങ്ങളനുസരിച്ച് ഈ കേസുകള്‍ തമ്മില്‍ നല്ല ഗ്യാപ്പുണ്ടെന്ന് ഹിപ്കിന്‍സ് പറഞ്ഞു.
കൂടുതല്‍ പേരില്‍ രോഗബാധയുണ്ടോയെന്നും അത് വ്യാപിക്കുന്നുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
മൂന്നാഴ്ച മുമ്പ് ന്യൂസിലാന്‍ഡില്‍ നിരവധി കേസുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും രണ്ടു മാസമായി രാജ്യം കോവിഡ് മുക്തമായിരുന്നു.
ആരോഗ്യ നിയന്ത്രണ ഉദ്യോഗസ്ഥര്‍ അണുബാധയുടെ ഉറവിടം അന്വേഷിക്കുകയാണെന്നും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഹിപ്കിന്‍സ് പറഞ്ഞു.
മാതാവിനും പിതാവിനും മകള്‍ക്കുമാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇവര്‍ വിദേശത്തുനിന്ന് മടങ്ങിയെത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മകള്‍ പഠിച്ചിരുന്ന സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നും സ്‌കൂളിലെ എല്ലവിദ്യര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ ഓക്ലാന്‍ഡിലെ പരിപാടികള്‍ റദ്ദാക്കി തലസ്ഥാനമായ വെല്ലിംഗ്ടണിലേക്ക് മടങ്ങി.
50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ 25 കോവിഡ് മരണങ്ങളും രണ്ടായിരത്തില്‍ താഴെ കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.






