മുംബൈ- ജനപ്രതിനിധികൾ അടക്കമുള്ളവരുടെ എതിർപ്പുകളെ വകവെക്കാതെ കാലഘോഡ ജങ്ഷന് മുൻ ഇസ്രാഈൽ പ്രധാനമന്ത്രിയുടെ പേരിട്ട ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം വിവാദത്തിൽ. ഇസ്രാഈൽ പ്രധാനമന്ത്രിയും നോബൽ സമ്മാനജേതാവുമായ ഷിമോൺ പെരസിന്റെ പേരാണ് കവലയ്ക്ക് ഇട്ടിരിക്കുന്നത്.
ജങ്ഷന് പെരസിന്റെ പേര് നൽകുന്നതിനെതിരെ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും രംഗത്തുണ്ടായിരുന്നു. ഇന്ത്യയുമായി പെരസിന് ബന്ധമുണ്ടെങ്കിലും മുംബൈയുമായോ മഹാരാഷ്ട്രയുമായോ കാലഘോഡ കവലയുമായോ അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ എതിർപ്പ്. ഷിമോൺ പെരെസ് ചൌക്ക് എന്നാണ് കാലഘോഡയ്ക്കും സായ്ബാബ മാർഗിനും ഇടയിലുള്ള സ്ഥലത്തിന് പേര് നൽകിയിരിക്കുന്നത്. 2016 അന്തരിച്ച പെരെസ് 1994ൽ യാസിർ അറഫാത്തിനും യിത്സാക് റാബിനുമൊപ്പം നോബൽ സമ്മാനം പങ്കിട്ടിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്തായിരുന്നു പേരുമാറ്റൽ നടത്തിയത്. പേരുമാറ്റുന്നത് സംബന്ധിച്ച നീക്കങ്ങൾ സാധാരണമായി സ്ഥലത്തെ മുനിസിപ്പൽ കോർപ്പറേറ്ററാണ് നടത്തേണ്ടത്. എന്നാൽ ഈ വിഷയത്തിൽ അതുണ്ടായില്ല. മുൻ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശിയാണ് ഈ നീക്കം നടത്തിയതെന്ന് സ്ഥലത്തെ കോർപ്പറേറ്ററായ സുജാത സനാപ് പറയുന്നു. മുംബൈ നഗരത്തിന് എന്തെങ്കിലും സംഭാവന നൽകിയിട്ടുള്ള ആളുകളുടെ പേരുകൾ നൽകുന്നതിൽ തെറ്റില്ലെന്നും എന്നാൽ പെരസിന്റെ പേര് അത്തരത്തിൽ ഉന്നയിക്കാൻ പറ്റിയ ഒന്നല്ലെന്നുമാണ് കോർപ്പറേറ്റർമാർ പറയുന്നത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളറിയാതെ ഇത്തരം നീക്കങ്ങൾ അനുവദിക്കാനുമാകില്ല. അതെസമയം ബിജെപി നേതാവായ വിനോദ് മിശ്ര പറയുന്നത് പ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പേരുമാറ്റം നടത്തിയിരിക്കുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിൽ വളർന്നുകൊണ്ടിരിക്കുന്ന ബന്ധത്തിൽ ആശങ്കാകുലരായ ജനപ്രതിനിധികളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മേയർ ആരോപിച്ചു.