Sorry, you need to enable JavaScript to visit this website.

ഷഹീൻബാഗ് സമരം നിയമവിരുദ്ധമാണെന്ന പരാമർശം പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂദൽഹി-  പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം 'എല്ലായ്പ്പോഴും എല്ലായിടത്തും' അനുവദിക്കപ്പെടണമെന്നില്ലെന്ന് സുപ്രീംകോടതി. ഇവ രണ്ടും ചില ഉത്തരവാദിത്വങ്ങളോടു കൂടിയാണ് വരുന്നതെന്നും കോടതി വ്യക്തമാക്കി. 2019ൽ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പൗരത്വ ഭേതഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നടന്ന സമരങ്ങൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ മുൻ പരാമർശം പിൻവലിക്കണമെന്നായിരുന്നു 12 സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. "പ്രതിഷേധിക്കാനുള്ള അവകാശം എല്ലായ്പ്പോഴും എല്ലായിടത്തും ആകാമെന്നില്ല. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധങ്ങളുണ്ടാകാം. എന്നാൽ പൊതുസ്ഥലം കൈയേറി ദീർഘകാലം നടക്കുന്ന സമരങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുകയാണ്. അത് അനുവദിക്കാനാകില്ല," ജസ്റ്റിസുമാരായ എസ് കെ കൌൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബഞ്ച് വ്യക്തമാക്കി. സമരങ്ങൾക്കു വേണ്ടി പൊതുസ്ഥലങ്ങൾ കൈയേറരുതെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി. അവ പ്രത്യേക സ്ഥലങ്ങളിൽ ഒതുങ്ങി നിൽക്കുകയും വേണമെന്ന് കോടതി പറഞ്ഞു. കാനിസ് ഫാത്തിമ അടക്കമുള്ള 11 സാമൂഹ്യപ്രവർത്തകരാണ് പുനപ്പരിശോധനാ ഹരജി നൽകിയിരുന്നത്. തുറന്ന കോടതിയിൽ നടന്ന വാദത്തിനൊടുവിലാണ് ഹരജി തള്ളിയത്.

ഒക്ടോബർ മാസത്തിലാണ് ഡൽഹിയിലെ ഷഹീൻബാഗിൽ നടന്നുവന്ന പൗരത്വ  പ്രക്ഷോഭത്തെ സുപ്രീംകോടതി നിയമ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. പൊതുസ്ഥലങ്ങൾ കൈയേറിയുള്ള സമരങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അതിനാൽത്തന്നെ അവ നിയമവിരുദ്ധമാണെന്നുമായിരുന്നു വിധി. 2019 ഡിസംബർ 15ന് തുടങ്ങിയ പ്രക്ഷോഭം കേന്ദ്ര സർക്കാർ നടപ്പാക്കിയ കോവിഡ് ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിലാണ് അവസാനിച്ചത്. 

Latest News