ലണ്ടൻ- ഓക്സ്ഫെഡ് സർവകലാശാല വിദ്യാർത്ഥി യൂണിയനെ നയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി സ്വന്തമാക്കി രശ്മി സാമന്ത്. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുൻ വിദ്യാർത്ഥിയായ രശ്മി ഓക്സ്ഫെഡിൽ പഠനം നടത്തുകയാണിപ്പോൾ. 1,996 വോട്ടുകൾ സ്വന്തമാക്കിയാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ രശ്മി വിജയിച്ചത്. സിലബസിലെ കൊളോണിയൽ സ്വഭാവം മാറ്റുമെന്നത് രശ്മിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. സ്ഥാപനത്തിന്റെ ഘടനയിൽ ലയിച്ചുകിടക്കുന്ന ഹോമോഫോബിയെയും ട്രാൻസ്ഫോബിയെയും നേരിടുമെന്നും പ്രകടനപത്രിക പറയുന്നുണ്ട്. സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്തക്കളായിരുന്നവരുടെ പ്രതിമകൾ കാമ്പസ്സിൽ നിന്നും നീക്കം ചെയ്യുമെന്നും രശ്മി നിലപാടെടുത്തിട്ടുണ്ട്. നിരവധി പേരെ അടിമകളാക്കി വെച്ചിരുന്ന കുപ്രസിദ്ധ തോട്ടമുടമ ക്രിസ്റ്റഫർ കോഡ്രിങ്ടന്റെ പ്രതിമ നീക്കം ചെയ്യാൻ സർവ്വകലാശാല നേരത്തെ വിസമ്മതിച്ചിരുന്നു. മഹാമാരി അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നതു വരെ വിദ്യാർത്ഥികൾ നേരിട്ട് സ്ഥാപനത്തിലെത്തണമെന്ന് നിർബന്ധം പിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്ന് രശ്മി പറയുന്നു. എനർജി സിസ്റ്റംസിൽ മാസ്റ്റർ ഡിഗ്രി വിദ്യാർത്ഥിനിയാണ് രശ്മി.