Sorry, you need to enable JavaScript to visit this website.

'മഹാരാഷ്ട്ര ഗവർണർ ബിജെപിയുടെ കളിപ്പാവ'; തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ശിവസേന

മൂംബൈ- മഹാരാഷ്ട്ര ഗവർണർ തന്റെ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്നുവെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന.  ഗവർണർ ഭഗത് സിങ് കോഷിയാരി ബിജെപിയുടെ കളിപ്പാവയാണെന്നും പാർട്ടി  മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിൽ ആരോപിച്ചു. "ഭരണഘടനയോട് എന്തെങ്കിലും ബഹുമാനം കേന്ദ്ര സർക്കാരിനുണ്ടെങ്കിൽ കോഷിയാരിയെ തിരിച്ചുവിളിക്കാൻ തയ്യാറാകണം." കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശിവസേനാ നേതൃത്വത്തിലുള്ള സർക്കാരിനെ കീഴ്പ്പെടുത്താൻ ഗവർണറുടെ തോളിൽ തോക്ക് ഏൽപ്പിച്ചിരിക്കുകയാണെന്ന് ശിവസേന പറയുന്നു. 

കോഷിയാരിക്ക് ഡെറാഡൂണിലേക്ക് പോകാൻ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനം വിട്ടുകൊടുക്കാത്തതിനെ തുടർന്നാണ് സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും വഷളായത്. ഗവർണറുടെ ഓഫീസിനോട് ബഹുമാനം കാണിക്കാത്ത സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വരികയും ചെയ്തു. യാത്രയ്ക്കായി എത്തിയ കോഷിയാരി വിമാനത്തിൽ കയറിയെങ്കിലും അദ്ദേഹത്തിന് യാത്ര ചെയ്യാൻ മുഖ്യമന്ത്രിയുടെ അനുമതിയില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

ഈ പ്രശ്നത്തിൽ സാംന എഡിറ്റോറിയൽ വിശദീകരണം നൽകുന്നുണ്ട്. ഗവർണർക്ക് വിമാനം ഉപയോഗിക്കാൻ നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നതാണെന്ന് സാംന ചൂണ്ടിക്കാട്ടി.എന്നിട്ടും ഗവർണറുടെ ഓഫീസ് അദ്ദേഹത്തെ വിമാനത്തിലേക്ക് നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിച്ചു.

സംസ്ഥാന സർക്കാരിന് 'ഈഗോ' ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണം. എന്നാൽ കർഷകരുടെ പ്രതിഷേധം വൻതോതിൽ ഉയർന്നിട്ടും കാർഷികനിയമങ്ങൾ പിൻവലിക്കാതിരിക്കുന്ന കേന്ദ്ര സർക്കാരിനോളം ഈഗോ തങ്ങൾക്കില്ലെന്ന് ശിവസേന തിരിച്ചടിച്ചു.

"ഗവർണർ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. തന്റെ ഓഫീസിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയെന്നത് ഏറ്റവും ഉന്നതസ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്," സാംന വ്യക്തമാക്കി.

Latest News