റിയാദിലും കനത്ത മഴക്ക് സാധ്യത; വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

റിയാദ് - സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മഴ റിയാദിലേക്കും വ്യാപിക്കുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും റിയാദ് സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽഹമാദി അറിയിച്ചു. ശക്തമായ മഴയുണ്ടാകുമ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചു. വാഹനങ്ങൾ റോഡിൽ തെന്നി മാറാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം.  ഷോക്കേൽക്കാൻ സാധ്യതയുള്ളതിനാൽ മഴയേൽക്കുന്ന വൈദ്യുത കമ്പികൾ, ഉപകരണങ്ങൾ എന്നിവയുമായി അടുത്ത് പെരുമാറരുത്. ഇടി മിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

നീരൊഴുക്കുള്ള ഭാഗങ്ങളിൽ പോവരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്ത ഏതാനും ദിവസങ്ങൾ കൂടി കാലാവസ്ഥ വ്യതിയാനം തുടരുമെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. റിയാദിലടക്കം ഏതാനും പ്രവിശ്യകളിൽ മഴ തുടരുമെന്നാണ് പ്രവചനം. 

മഴയും വെള്ളപ്പാച്ചിലും നേരിടാൻ റിയാദ് പ്രവിശ്യയിൽ എല്ലാ ഒരുക്കങ്ങളും നടത്തി. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിവരം നൽകണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയും അഭ്യർഥിച്ചു.  0533991100 എന്ന വാട്‌സ്ആപ് നമ്പറിലും  കമ്പനിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയും വിവരം അറിയിക്കാമെന്നും കമ്പനി അറിയിച്ചു. കൂടാതെ 9200001100 എന്ന ടോൾ ഫ്രീ നമ്പറിലും സ്മാർട്‌ഫോൺ ആപ്ലിക്കേഷൻ വഴിയും അത്യാഹിതങ്ങളെ കുറിച്ച് അറിയിക്കാവുന്നതാണെന്നും എസ്.ഇ.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിദ്ദ, തായിഫ് പ്രവിശ്യകളിലുണ്ടായ മഴയാണ് റിയാദിലേക്ക് നീങ്ങുന്നത്. 


 

Latest News