Sorry, you need to enable JavaScript to visit this website.

ടൂറിസം മേഖലയിൽ ലക്ഷ്യമിടുന്നത് 500 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ

റിയാദ് - സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ 2030 ഓടെ 500 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രാലയം. 2023 ഓടെ ഈ മേഖലയിൽ 220 ബില്യൺ റിയാലിന്റെ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നര ശതമാനത്തിൽനിന്ന് പത്തു ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നു. 
രാജ്യത്ത് നിരവധി പുതിയ ടൂറിസം പദ്ധതികൾ നടപ്പാക്കാനും, വലിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ പ്രതീക്ഷകൾക്കൊത്ത ഫെസ്റ്റിവലുകൾ സംഘടിപ്പിക്കാനും തുടങ്ങിയതോടെ വിനോദ സഞ്ചാരികളായി വിദേശങ്ങളിലേക്ക് പോകുന്ന സൗദികളുടെ എണ്ണം 30 ശതമാനം തോതിൽ കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞിരുന്നു. 2019 ൽ സൗദി വിനോദ സഞ്ചാരികൾ വിദേശങ്ങളിൽ 8,000 കോടി റിയാൽ ചെലവഴിച്ചതായാണ് കണക്ക്. 


അവധിക്കാലം രാജ്യത്തിനകത്ത് ചെലവഴിക്കാൻ സൗദികൾ താൽപര്യം കാണിക്കുന്നത് സൗദിയിൽ ടൂറിസം വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. സാമ്പത്തിക പരിവർത്തനത്തിനും വൈവിധ്യവൽക്കരണത്തിനുമുള്ള വിഷൻ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ് വിനോദ സഞ്ചാര വ്യവസായ മേഖല. ടൂറിസം മേഖലക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ച് റെഡ് സീ കമ്പനി നടപ്പാക്കുന്ന കോറൽ ബ്ലൂം പദ്ധതി, അൽഖിദിയ, നിയോം, ബീച്ച് വികസന പദ്ധതികൾ എന്നിവ സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കിവരികയാണ്. 


റെഡ് സീ പദ്ധതിയിലെ പ്രധാന ദ്വീപിൽ നടപ്പാക്കുന്ന കോറൽ ബ്ലൂം പദ്ധതി റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2023 ൽ റെഡ് സീ പദ്ധതി ഉദ്ഘാടനം ചെയ്യും. 
2030 ൽ പൂർത്തിയാകുന്നതോടെ പദ്ധതിയിൽ 50 റിസോർട്ടുകളും ഹോട്ടലുകളുമുണ്ടാകും. ഇവയിൽ 8,000 ഓളം ഹോട്ടൽ മുറികൾ ലഭ്യമാകും. കൂടാതെ 22 ദ്വീപുകളിലായി 1,300 ഓളം പാർപ്പിട യൂനിറ്റുകളും 2030 ഓടെ റെഡ് സീ പദ്ധതി പ്രദേശത്ത് നിർമിക്കും. ഉല്ലാസ ബോട്ടുകൾക്കുള്ള ജെട്ടി, ഗോൾഫ് കോർട്ടുകൾ എന്നിവ അടക്കം നിരവധി ഉല്ലാസ കേന്ദ്രങ്ങളും ഉപാധികളും റെഡ് സീ പദ്ധതി പ്രദേശത്തുണ്ടാകും. 


 

Latest News