റിയാദ് - കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുത്ത മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെടുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാന്‍ പറഞ്ഞു.
പുതിയ രോഗബാധാ കേസുകളുടെ എണ്ണം അഞ്ചു മുതല്‍ പത്തു ശതമാനം വരെ തുടര്‍ച്ചയായി വര്‍ധിക്കുന്ന പക്ഷം കൂടുതല്‍ കടുത്ത നടപടികള്‍ ബാധകമാക്കും. കുടുംബ ഒത്തുചേരല്‍ സ്ഥലങ്ങള്‍ വഴി കൊറോണ പകരാതെ നോക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുകയും വേണം. രണ്ടാമത് ഡോസ് കൊറോണ വാക്‌സിന്‍ വിതരണത്തിന്റെ സമയക്രമം അടുത്തയാഴ്ച പുനര്‍നിര്‍ണയിക്കും. വരുന്ന മൂന്നു മാസത്തിനുള്ളില്‍ സൗദി ജനസംഖ്യയിലെ നല്ലൊരു ശതമാനത്തിനും വാക്‌സിന്‍ നല്‍കുമെന്ന് ഡോ. ഹാനി ജോഖ്ദാന്‍ പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 337 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 356 പേര്‍ രോഗമുക്തി നേടുകയും നാലു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 456 പേര്‍ അടക്കം 2,679 പേര്‍ ചികിത്സയിലാണ്. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 46,841 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
റിയാദ്-161, കിഴക്കന്‍ പ്രവിശ്യ-72, മക്ക-46, അല്‍ഖസീം-11, ഹായില്‍-10, അല്‍ജൗഫ്-7, ഉത്തര അതിര്‍ത്തി പ്രവിശ്യ-7, മദീന-5, അസീര്‍-5, ജിസാന്‍-4, നജ്‌റാന്‍-4, അല്‍ബാഹ-3, തബൂക്ക്-2 എന്നിങ്ങിനെ സൗദിയിലെ പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.






