Sorry, you need to enable JavaScript to visit this website.

മാറിട സ്പർശനവും പാന്‍റ്സിന്‍റെ സിപ്പും; ജസ്റ്റിസ് പുഷ്പയുടെ കാലാവധി ഒരു വര്‍ഷം വെട്ടിക്കുറച്ചു

മൂംബൈ- കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ വിവാദമായ വിധിപ്രസ്താവങ്ങൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ അഡീഷണൽ ജഡ്ജിയായി രണ്ടു വർഷം തുടരാനനുവദിച്ച കൊളീജിയം തീരുമാനം മാറ്റങ്ങളോടെ നടപ്പാക്കി കേന്ദ്ര സർക്കാർ. കൊളീജിയത്തിന്റെ തീരുമാനപ്രകാരം അഡീഷണൽ ജഡ്ജിയായി പുഷ്പയ്ക്ക് രണ്ട് വർഷം കൂടി തുടരാമായിരുന്നു. ഇത് ഒരു വർഷമാക്കി കുറച്ച് സർക്കാരിന്റെ തീരുമാനം വന്നു. ഇവർ സ്ഥിരം ജഡ്ജിയാകില്ലെന്നും ഇതോടെ ഉറപ്പായി.

ഈ വിഷയത്തിൽ പുനപ്പരിശോധന നടത്തണമെന്ന ആവശ്യം സർക്കാർ കൊളീജിയത്തിനു മുമ്പാകെ വെച്ചില്ലെന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ചയോടെ സേവനകാലാവധി അവസാനിച്ച ജസ്റ്റിസ് പുഷ്പയ്ക്ക് സാധാരണ നിലയിലായിരുന്നെങ്കിൽ സ്ഥിരം ജഡ്ജിയായി മാറാമായിരുന്നു. എന്നാൽ വിവാദം കടുത്തതോടെ സ്ഥിരം ജഡ്ജിയാക്കാനുള്ള തീരുമാനം കൊളീജിയത്തിന് പിൻവലിക്കേണ്ടി വരികയായിരുന്നു.

സർക്കാർ തീരുമാനം വന്നതോടെ അഡീഷണൽ ജഡ്ജി പദവിയിലും ഒരു വർഷം കൂടിയേ തുടരാനാകൂ. ജസ്റ്റിസ് പുഷ്പയുടെ വിവേകരഹിതമായ വിധിപ്രസ്താവത്തെ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ നിശിതമായി വിമർശിച്ചിരുന്നു. ഇതിനു ശേഷമാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ ഉൾപ്പെട്ട ബഞ്ച് ജസ്റ്റിസ് പുഷ്പയുടെ വിവാദ വിധി സ്റ്റേ ചെയ്തത്. വസ്ത്രത്തിനു പുറത്തുകൂടിയുള്ള സ്പർശം ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽ പെടുത്താനാകില്ലെന്നാണ് ജസ്റ്റിസ് പുഷ്പ വിധിച്ചത്. പ്രതിയെ വെറുതെവിടുകയും ചെയ്തു. ഈ കേസിനു ശേഷമാണ് ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് ബോബ്ഡെ തലവനായ കൊളീജിയം എടുത്തത്. ഇതിനു പിന്നാലെ മറ്റൊരു വിവാദ വിധി കൂടി ജസ്റ്റിസ് പുഷ്പ പുറത്തുവിട്ടു. അഞ്ച് വയസ്സുകാരിയെ പിടിച്ചു നിർത്തി തന്റെ പാന്റിന്റെ സിപ്പ് ഊരിയ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവമായിരുന്നു അത്. ഇതോടെ കൊളീജിയത്തിന് തങ്ങളുടെ ശുപാർശ പിൻവലിക്കേണ്ടി വന്നു.

ജസ്റ്റിസ് പുഷ്പയെ രണ്ടു വർഷം കൂടി തുടരാൻ അനുവദിച്ചതിൽ കേന്ദ്ര നിയമമന്ത്രാലയത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇക്കാരണത്താലാണ് കൊളീജിയം തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കുക പോലും ചെയ്യാതെ കേന്ദ്ര സർക്കാർ സ്വന്തമായ തീരുമാനമെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അഡീഷണൽ ജഡ്ജ് പദവിയിലാണ് ഇപ്പോൾ ജസ്റ്റിസ് പുഷ്പയുള്ളത്. ഈ സേവനകാലം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. 

Latest News