Sorry, you need to enable JavaScript to visit this website.

ചിന്നമ്മയെ പേടിച്ച് ഭരണകക്ഷി 

കേരളത്തെ പോലെ തമിഴകവും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് മാസങ്ങൾക്കകം നടക്കാൻ പോകുന്നത്. തമിഴ്‌നാട്ടിൽ ഒരു എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന ബി.ജെ.പിക്ക് അത്ര സുഖകരമല്ല ഇപ്പോഴത്തെ സാഹചര്യം. 
മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല ജയിൽ മോചിതയായതോടെ അണ്ണാ ഡി.എം.കെയിൽ പൊട്ടിത്തെറിയാണ് സംഭവിച്ചിരിക്കുന്നത്. ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ഒ. പനീർസെൽവത്തിന്റെ മകൻ ജയപ്രദീപ് എം.പി പ്രസ്താവിച്ചിത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ അടക്കം ഞെട്ടിച്ച സംഭവമായിരുന്നു. തുടർന്ന് നിരവധി നേതാക്കൾ പരസ്യമായി രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി. എടപ്പാടി പളനി സ്വാമിയുമായി ഉടക്കിലാണ് പനീർസെൽവ വിഭാഗം. ശശികല തമിഴകത്ത് എത്തുന്നതോടെ എടപ്പാടി വിഭാഗത്തിലുള്ള നേതാക്കൾ കൂട്ടത്തോടെ ശശികലക്കൊപ്പം ചേരുമെന്നാണ് ശശികല വിഭാഗം അവകാശപ്പെടുന്നത്. ബന്ധു കൂടിയായ ടി.ടി.വി. ദിനകരൻ എം.എൽ.എയാണ് ശശികലയുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ജയലളിതയുടെ സ്വന്തം ആർ.കെ നഗർ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് വിജയിച്ച ചരിത്രമാണ് ദിനകറിനുള്ളത്. അതുകൊണ്ടു തന്നെ 'ചിന്നമ്മ' എന്നറിയപ്പെടുന്ന ശശികലയുടെ വരവിനെ നിസ്സാരമായി ആർക്കും എഴുതി തള്ളാൻ കഴിയില്ല.


അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നും നാലു വർഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് ശശികല ഇപ്പോൾ പുറത്തിറങ്ങിയത്. കോവിഡ് ഭേദമായ അവർ ചെന്നൈയിലേക്ക് തിരിച്ചത് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ഈ യാത്ര തടസ്സപ്പെടുത്താൻ അരങ്ങേറിയ നാടകങ്ങൾ വാസ്തവത്തിൽ ശശികലയുടെ പ്രതിഛായ വർധിപ്പിക്കുകയാണുണ്ടായത്. മറീന ബീച്ചിലെ ജയലളിതയുടെ സമാധിയിൽ നിന്നാണ് 'ചിന്നമ്മ' തുടങ്ങിയത്. രാഷ്ട്രീയ ഗുരു എം.ജി.ആറിന്റെ സമാധിക്കു പിറകിലായാണ് പറന്നുയരുന്ന ഫിനിക്‌സ് പക്ഷിയുടെ രൂപത്തിലുള്ള ജയലളിത സ്മാരകം. 
സമാധിയിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത് രണ്ടു ഗർജിക്കുന്ന സിംഹങ്ങളുടെ പ്രതിമകളാണ്. മ്യൂസിയത്തിൽ ജയലളിതയുടെ പൂർണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ്.


ശശികല ജയിൽ മോചിതയായ ദിവസമായിരുന്നു ഉദ്ഘാടനവും നടന്നിരുന്നത്. രണ്ട് വിഭാഗങ്ങളാണെങ്കിലും എടപ്പാടി വിഭാഗവും ശശികല വിഭാഗവും ലക്ഷ്യമിടുന്നത് ഒന്നു തന്നെയാണ് - ജനവികാരമുയർത്തുക എന്നത്. ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് തടവിൽ കഴിഞ്ഞത് എന്നതിനാൽ എല്ലാ പാപഭാരവും കഴുകിക്കളഞ്ഞുള്ള ഈ രണ്ടാം വരവിൽ ശശികല തമിഴകം പിടിക്കുമെന്ന് തന്നെയാണ് അനുയായികൾ വിശ്വസിക്കുന്നത്. നാല് വർഷം മുമ്പ് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയിൽ മൂന്നു തവണ അടിച്ച് ശപഥം ചെയ്താണ് ശശികല ബംഗളൂരുവിലെ ജയിലിലേക്ക് പോയിരുന്നത്. ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ ഇവയെല്ലാം തരണം ചെയ്ത് ഞാൻ മടങ്ങിവരുമെന്ന് പ്രതിജ്ഞ ചെയ്തായിരുന്നു തടവറയിലേക്കുള്ള യാത്ര.


ആദ്യം അമ്പരന്നെങ്കിലും, 'ത്യാഗ തലൈവി ചിന്നമ്മ വാഴ്ക' എന്ന മുദ്രാവാക്യം വിളിച്ചാണ് അണ്ണാ ഡി.എം.കെ പ്രവർത്തകർ ശശികലയെ യാത്രയാക്കിയിരുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന എടപ്പാടി പളനിസ്വാമി അടക്കമുള്ളവർ ഇപ്പോൾ ശത്രുപക്ഷത്താണ്. ശശികലയുടെ കണ്ണിലെ കരടായിരുന്ന പനീർസെൽവ വിഭാഗമാണ് ഇപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജയലളിതയുടെ ഈ തോഴി നേരിട്ട് കളത്തിലിറങ്ങുന്നതോടെ അണ്ണാ ഡി.എം.കെയിലെ നല്ലൊരു വിഭാഗം അവർക്കൊപ്പം ചേരാനാണ് സാധ്യത. ജയലളിത പലവട്ടം മുഖ്യമന്ത്രിയാക്കിയ ഒ. പനീർ സെൽവവും തോഴിയും ഒരുമിക്കുന്നതോടെ ജയ തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് അനുയായികൾ. ചെന്നൈയിൽ എത്തുന്ന ശശികലക്ക് താമസിക്കുന്നതിനായി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിക്ക് സമീപം തന്നെയാണ് താമസ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നത്. ശശികലക്കൊപ്പം ബന്ധുക്കളായ ഇളവരശിയും സുധാകരനും ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.
ശശികല എത്തിയതോടെ തമിഴക രാഷ്ട്രീയം ഇളകി മറിയുന്നതിന്റെ സൂചന ഇപ്പോൾ തന്നെ പ്രകടമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മാത്രമല്ല നടൻ കമൽ ഹാസനും ശശികലക്കും ഏറെ നിർണായകമാണ്. രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന അനുയായികളെ റാഞ്ചിയിരിക്കുന്നത് ഡി.എം.കെയാണ്. എം.കെ സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഇത്തവണ മുഖ്യമന്ത്രിയാവാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരവസരം ഇനി ലഭിക്കണമെന്നില്ല.

 

പ്രതിപക്ഷ വോട്ടുകൾ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം ചോർത്തുമോ എന്ന ആശങ്കയും ഡി.എം.കെ നേതൃത്വത്തെ അലട്ടുന്നുണ്ട്. വലിയ ആൾക്കൂട്ടമാണ് കമലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ തടിച്ചുകൂടുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന വേളയിൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ പറഞ്ഞു. രണ്ടാം മോഡി സർക്കാരിന്റെ വിജയത്തിന് തിളക്കമേറെയാണ്. എങ്കിലും താൻ പൂർണ സംതൃപ്തനാവണമെങ്കിൽ തമിഴ്‌നാടും കേരളവും ബി.ജെ.പിക്ക് ലഭിക്കണം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനമാണ് താമര പാർട്ടിക്ക് വെല്ലുവിളിയെങ്കിൽ തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയ ബോധം ബി.ജെ.പിയുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴത്തുന്നു. 
ജയലളിതയുടെ മരണത്തോടെ ഭരണവും പാർട്ടിയും ഒന്നിച്ചു പിടിക്കാനിറങ്ങിയ തോഴി ശശികല വീണ വാരിക്കുഴിയായിരുന്നു അനധികൃത സ്വത്ത് കേസിലെ ജയിൽ ശിക്ഷ. 66 കോടിയുടെ അനധികൃത സ്വത്തു കേസിലായിരുന്നു നാലു വർഷത്തെ തടവുശിക്ഷ. 


ശശികല വിഭാഗം അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാൽ പാർട്ടിയെ നയിച്ചിരുന്നത് ടി.ടി.വി. ദിനകരനാണ്. ശശികലയുടെ മോചനം തങ്ങളുടെ തെരഞ്ഞെടുപ്പ് ഭാവി മാറ്റിമറിക്കുമെന്ന് അവർ കരുതുന്നു. ജയിൽ മോചിതയാകുന്ന ശശികല വിജയത്തിലേക്ക് നയിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സ്ഥാനത്തെത്തും എന്നുമവർ പ്രതീക്ഷിക്കുന്നു. ജയലളിതയുടെ സ്വപ്‌നങ്ങൾ ശശികല പൂർത്തീകരിക്കുമെന്നും തങ്ങളെ ആർക്കും തടയാനാകില്ലെന്നുമാണ് നേതാക്കളുടെ അവകാശവാദം. അതുകൊണ്ടു തന്നെ പുറത്തിറങ്ങിയ ശശികലയുടെ നിലപാട് അണ്ണാ ഡി.എം.കെ നേതാക്കളെയും അലോസരപ്പെടുത്തുന്നുണ്ട്.
ഒരിക്കൽ ജയലളിത കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന മുഖങ്ങളിൽ ഒന്നായിരുന്നു ശശികല. എ.ഐ.എ.ഡി.എം.കെ നേതാക്കൾ തള്ളിപ്പറഞ്ഞാലും തമിഴ്‌നാട്ടിലെ പ്രബലമായ തേവർ സമുദായത്തിനിടയിൽ അവർക്കു നല്ല സ്വാധീനമുണ്ട്. 


2016 ൽ ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ എല്ലാം നിൽക്കുമ്പോൾ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതായിരുന്നു ശശികലക്കു തിരിച്ചടിയായത്. പിന്നീട് ശശികല ജയിലിൽ ആയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ഏതെങ്കിലും ഒരു പക്ഷത്തെ ബി.ജെ.പി കൂട്ടുപിടിക്കും. തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യത്തിന്റെ വെല്ലുവിളി മറികടക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട്ടിൽ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബി.ജെ.പിക്ക് ഇരുവരെയും ഒന്നിച്ചുനിർത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജയിൽ മോചനത്തിന് ശേഷം ഒരു പിടിവള്ളി ശശികലക്കും ആവശ്യമാണ്.


കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ജയലളിതയുടെ പാർട്ടിയിലെ പിളർപ്പും ഡി.എം.കെയിലെ സ്റ്റാലിനിസവും പ്രധാനമാണ്. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിലും കമലിന്റെ പാർട്ടിയുടെ വോട്ട് വിഹിതം മോശമല്ലായിരുന്നു. 10 മുതൽ 12 ശതമാനം വരെ വോട്ടുകൾ മത്സരിച്ച മണ്ഡലങ്ങളിൽ കമലിന്റെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും സൗത്ത് ചെന്നൈയിലും ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് മക്കൾ നീതിമയ്യം നേടിയിരുന്നത്. ഒറ്റക്ക് നിന്നാൽ ഒന്നുമാകില്ലെന്ന തിരിച്ചറിവ് കമലിന് ഇപ്പോഴുണ്ട്. 


മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയും ഇപ്പോൾ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നൽകുന്നത്. കോൺഗ്രസ്, സി.പി.എം, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഡി.എം.കെയുടെ തീരുമാനം. നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും തമിഴകത്തിപ്പോൾ ചൂടുള്ള ചർച്ചയാണ്. ദളപതി ഇറങ്ങിയാൽ മറ്റെല്ലാവരുടെയും കണക്ക് കൂട്ടലുകൾ തെറ്റും. എല്ലാവരും ഒരുപോലെ ഭയക്കുന്നതും ഈ യുവതാരത്തെയാണ്.
എന്നാൽ വിജയ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ് മത്സരത്തിന് ഇറങ്ങിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാട് എന്തായാലും വിധിയെഴുത്തിനെ സ്വാധീനിക്കും. തീപ്പാറുന്ന പോരാട്ടത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പോരാട്ടം എന്നു തന്നെ ഇതിനെ വിലയിരുത്തേണ്ടി വരും. ഇത്രയധികം പ്രമുഖർ രംഗത്തിറങ്ങുന്നതോടെ പരമ്പരാഗത വോട്ട് ബാങ്കുകളാണ് തകർക്കപ്പെടുക. ഇത് ആർക്കാണ് നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. 


അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടി മത്സരിക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. ഈ കൂട്ടത്തിലേക്കാണ് ശശികല വിഭാഗവും മത്സര രംഗത്തിറങ്ങാൻ പോകുന്നത്. ശശികലക്ക് എതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികൾ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. നാടകീയമായ പല സംഭവങ്ങളും ഇനിയും തമിഴകത്തു നിന്നും പ്രതീക്ഷിക്കാം. 

Latest News