Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കോവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം- കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച തുടരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പൊലീസ് ഉദ്യാഗസ്ഥരുമായും ചർച്ച നടത്തി. തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന്  യു.ഡി.എഫും എൽ.ഡി.എഫും ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്നാണ് ബി.ജെ.പി  നിലപാട്. 
തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ  നടത്തണമെന്നും വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്നും ഏഴ് മണി മുതൽ അഞ്ച് മണി വരെ മതി തെരഞ്ഞെടുപ്പ് സമയം എന്നും കോൺഗ്രസ് പ്രതിനിധികൾ ആവശ്യപ്പെട്ടു.  എട്ടിനും 12 നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തന്നെ ആവർത്തിച്ച മുസ്ലിം ലീഗ് മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ടു. 

കേരളത്തിലെ കോവിഡ് സാഹചര്യത്തിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയപാർട്ടികളുമായി നടത്തിയ ചർച്ചക്കിടയിലാണ് രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
 

Latest News