ക്യാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി- ഹാഥ്‌റസ് കേസിൽ ക്യാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു.  മഥുര കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുമായി കഴിഞ്ഞ ദിവസം യു.പി പോലീസ് കേരളത്തിലെത്തിയിരുന്നു. നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്ത റഊഫിന് വെള്ളിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാക്കാനാട്ടെ ജില്ലാ ജയിലിലെത്തി യു.പി പോലീസ് അറസ്റ്റ് ചെയ്തത്. 
കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കേസെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഇ.ഡി. ദൽഹി യൂണിറ്റ് എടുത്ത കേസിൽ ഡിസംബറിൽ റഊഫിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് റഊഫിനെതിരേ യു.പി. പോലീസ് ഹാഥ്‌റസ് കലാപശ്രമത്തിൽ കേസെടുത്തെന്ന് കോടതിയിൽ വ്യക്തമാക്കിയത്. റഊഫിനെ അറസ്റ്റുചെയ്യാൻ യു.പി. പോലീസ് നേരത്തെ എറണാകുളത്തെത്തിയിരുന്നുവെങ്കിലും ജാമ്യാപേക്ഷയിൽ വാദം നീണ്ടുപോയതിനാൽ അറസ്റ്റുചെയ്യാതെ മടങ്ങുകയായിരുന്നു.
 

Latest News