Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ജുഡീഷ്യറി ജീർണാവസ്ഥയിലെന്ന് രഞ്ജൻ ഗൊഗോയ്

ന്യൂദൽഹി- ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിലാണെന്നും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നും മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗോയ്. ഇന്ത്യ ടൂഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഗൊഗോയ്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങൾക്ക് അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നുവെന്നായിരുന്നു രഞ്ജൻ ഗൊഗോയുടെ വാക്കുകൾ.
ഇന്ത്യയിലെ കീഴ് കോടതികളിൽ കഴിഞ്ഞവർഷം മാത്രം 60 ലക്ഷത്തോളം കേസുകൾ എത്തിയിട്ടുണ്ട്. ഹൈക്കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം പോയവർഷം മൂന്ന് ലക്ഷത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 6,0007,000 പുതിയ കേസുകൾ സുപ്രീം കോടതി സ്വീകരിച്ചു. 
ഈ സാഹചര്യത്തിൽ ജൂഡീഷ്യറിക്ക് ഒരു മാർഗരേഖ തയ്യാറാക്കേണ്ട സമയമായി. സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്നത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം സംബന്ധിച്ച് പാർലമെന്റിൽ പ്രസംഗിച്ച മെഹുവ മൊയ്ത്രയ്‌ക്കെതിരെ കോടതിയിൽ പോകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് കോടതിയിലേക്ക് നിങ്ങൾ പോവുകയാണെങ്കിൽ, നിങ്ങളുടെ അഴുക്കായ വസ്ത്രം കോടതിയിൽ അലക്കണം. നിങ്ങൾക്ക് അവിടെനിന്ന് ഒരു വിധിയും ലഭിക്കില്ല എന്നായിരുന്നു ഗൊഗോയിയുടെ മറുപടി.
 

Latest News