Sorry, you need to enable JavaScript to visit this website.

മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്  ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി

കൊച്ചി - പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി പരാതി. മലപ്പുറത്തെ മമ്പറം പള്ളിയിലും തിരുവനന്തപുരം ബീമാപള്ളിയിലും പ്രാർഥന നടത്താനായി ഇബ്രാഹിംകുഞ്ഞിന് നാല് ദിവസം ജില്ല വിട്ടുപോകുന്നതിന് വിജിലൻസ് കോടതി കഴിഞ്ഞ 8ന് അനുമതി നൽകിയിരുന്നു. മറ്റാവശ്യങ്ങൾക്കായി ഇത് ദുരുപയോഗിക്കാൻ പാടില്ലെന്ന നിർദേശത്തോടെയാണ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം അനുവദിച്ചത്. 
എന്നാൽ ഇതിന്റെ മറവിൽ ഇബ്രാഹിംകുഞ്ഞ് മലപ്പുറത്തെത്തി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. മുസ്‌ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.


ഇതേത്തുടർന്ന് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം അഴിമതി കേസിലെ പരാതിക്കാരനായ ഗിരീഷ് ബാബു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സ്വകാര്യ ആശുപത്രി റിപ്പോർട്ട് ഹാജരാക്കി ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചാണ് ജാമ്യം നേടിയതെന്ന് ഗിരീഷ് ബാബു പരാതിയിൽ പറയുന്നു. ആർ.സി.സിയിലെ ഡോക്ടർമാരെ ഉപയോഗിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കാൻ നടപടി വേണം. ജാമ്യം റദ്ദാക്കാൻ ഉടൻ നടപടി വേണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു പറഞ്ഞു. 
അതേസമയം കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങൾ. മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. ഇദ്ദേഹം സ്ഥാനാർഥിയായാൽ പാലാരിവട്ടം പാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. 


മറ്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് മുന്നണിയിലെ ആശങ്ക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്‌ലിം ലീഗിന്റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് സീറ്റില്ലെങ്കിൽ മകന് സീറ്റ് നൽകണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞ്. 
ഈ ആവശ്യം ലീഗ് നേതൃത്വം പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മത്സര രംഗത്ത് നിന്ന് വി.കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്തേണ്ടി വന്നാൽ, ജസ്റ്റിസ് കമാൽ പാഷ, അഭിഭാഷകനായ മുഹമ്മദ് ഷാ എന്നീ പേരുകൾ ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.


 

Latest News