സി.പി.ഐ മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന്‍ മാത്രം മത്സരിക്കും, കൂടുതല്‍ പുതുമുഖങ്ങള്‍

തിരുവനന്തപുരം- ഇ. ചന്ദ്രശേഖരന്‍ ഒഴികെ മൂന്ന് സി.പി.ഐ മന്ത്രിമാര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. മൂന്നു എം.എല്‍.എമാരും പുറത്തായി. മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്ന സി.പി.ഐ കൗണ്‍സില്‍ തീരുമാനപ്രകാരമാണിത്. പാര്‍ട്ടി തീരുമാനം വന്നതോടെ മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, കെ.രാജു എന്നിവര്‍ മത്സരരംഗത്തുണ്ടാകില്ലെന്നുറപ്പായി. പ്രമുഖ നേതാക്കളായ സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരും മാറി നില്‍ക്കേണ്ടിവരും. പാര്‍ട്ടി ഭാരവാഹികള്‍ മത്സരരംഗത്തു വന്നാല്‍ ചുമതല ഒഴിയണം. മത്സരരംഗത്ത് തോറ്റാല്‍ സംഘടനാ ചുമതല തിരിച്ചു കിട്ടില്ല.
രണ്ടു ടേമാണ് സി.പി.ഐയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നിബന്ധന. ജില്ലാ നേതൃത്വങ്ങളുടെ അഭ്യര്‍ഥന അനുസരിച്ചാണ് കഴിഞ്ഞ തവണ ഇളവ് അനുവദിച്ചത്. അത് ഇത്തവണ നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി നിലപാടെടുത്തു. രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം നല്‍കിയേക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇ.കെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഗീതാ ഗോപി, ജി.എസ്. ജയലാല്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാകാന്‍ ഇതോടെ സാധ്യതയേറി. പാര്‍ട്ടി ചുമതലയുള്ള കാനം രാജേന്ദ്രന്‍, പ്രകാശ്ബാബു, സത്യന്‍ മൊകേരി, കെ.ഇ. ഇസ്മയില്‍, കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാവില്ല. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കും.  
സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഓരോ സ്ഥാനാര്‍ഥിയുടെയും ജയസാധ്യത ആപേക്ഷികമാണ്. സീറ്റു വിഭജനം സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മത്സരിക്കണമെന്നില്ല. മുന്നണി വിപുലമാവുമ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരും. എന്‍.സി.പി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ല.

 

Latest News